ട്രംപിനെയും അമേരിക്കന്‍ യാഥാസ്ഥിതികത്വത്തെയും പ്രകോപിക്കുന്ന ഇലാന്‍ ഉമര്‍ ആരാണ്?

ട്രംപ് ഉള്‍പ്പെടെയുള്ളവരെ പ്രകോപിപ്പിക്കുകയാണ് ജനപ്രതിനിധി സഭയിലെ അംഗമായ ഇലാന്‍ ഉമര്‍
‘ഞങ്ങള്‍ ഒരിക്കലും മറക്കില്ല’ കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. അതോടൊപ്പം ഒരു വീഡിയോയും അദ്ദേഹം ചേര്‍ത്തിരുന്നു. അമേരിക്കയിലെ രാഷ്ട്രീയ യാഥാസ്ഥിതികത്വത്തെ പ്രകോപിപ്പിച്ച ഒരു പ്രസംഗത്തിന്റെ വിഡിയോ ആയിരുന്നു അത്. ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗം ഇലാന്‍ ഉമര്‍ നടത്തിയ ഒരു പ്രസംഗമായിരുന്നു അത്.
മാര്‍ച്ച്‌ 23 ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക്ക് റിലേഷന്‍സില്‍ അവര്‍ നടത്തിയ പ്രസംഗം ട്രംപിനെ പോലുളള കടുത്ത വലതുപക്ഷ യാഥാസ്ഥിതികരെ മാത്രമല്ല, ലിബറല്‍ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് കരുതുന്ന മറ്റ് ചിലരെയും അസ്വസ്തരാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക വ്യാപാര കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെ ആരോ നടത്തിയ ആക്രമണം എന്ന് ഉമര്‍ പറഞ്ഞതാണ് വിവാദമായത്. ഭീകരാക്രമണത്തെ കുറച്ചുകാണുന്നുവെന്നാണ് ഇവര്‍ക്കെതിരെ ഉണ്ടായ ആരോപണം.
‘രണ്ടാം കിട പൗരന്മാര്‍ എന്ന നിലയില്‍ എത്രകാലമായി ജീവിക്കുന്നു. എനിക്ക് മടുത്തു. ഈ രാജ്യത്തെ എല്ലാ മുസ്ലീങ്ങള്‍ക്കും മടുത്തിട്ടുണ്ടാകും. കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക്ക റിലേഷന്‍സ് സെപ്റ്റംബര്‍ 11 ന് ശേഷം രൂപീകരിക്കപ്പെട്ടത് ചില ആളുകള്‍ എന്തോ ചെയ്തുവെന്ന് തിരിച്ചറിയുകയും പൗരവാകാശങ്ങള്‍ നമുക്ക് നഷ്ടമാകുന്നു എന്ന് തിരിച്ചറിയുകയും ചെയ്തത് കൊണ്ടാണ്’
ഉമറിന്റെ പ്രസ്താവനയൊടൊപ്പം ഭീകരാക്രമണത്തിന്റെ ചിത്രങ്ങള്‍ കൂടി നല്‍കി ട്വീറ്റ് ചെയ്തത്‌
ട്രംപിന്റെ നിലപാടിനെതിരെ വലിയ വിമര്‍ശനങ്ങളും ഉണ്ടായി. ഡെമോക്രാറ്റ് നേതാക്കാളാണ് പൊതുവില്‍ ഉമറിന് പിന്തുണയുമായെത്തിയത്.
എന്നാല്‍ ഇതാദ്യമായല്ല ഉമര്‍ വിവാദത്തില്‍ പെടുന്നത്. മിനോസോറ്റയില്‍നിന്ന് ജനപ്രതിനിധി സഭയിലെത്തിയത് മുതല്‍ നിലപാടുകളുടെ പേരില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ് ഉമര്‍.
ജനപ്രതിനിധി സഭയില്‍ തട്ടമിടുന്നതിന്‌ 181 വര്‍ഷം ഉണ്ടായിരുന്ന വിലക്ക് മറികടന്നാണ് ഇവര്‍ ഇസ്ലാമിക വേഷത്തില്‍ ഔദ്യോഗിക പദവി ഏറ്റെടുത്തത്. ഖുറാനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അവര്‍ മറ്റൊരു ചരിത്രവും സൃഷ്ടിച്ചു. എന്റെ തലയില്‍ തട്ടമിട്ടത് ആരുമല്ല, എന്റെ തീരുമാനമാണെന്നായിരുന്നു അവരുടെ പ്രതികരണം.
രണ്ട് മുസ്ലീം സ്ത്രീകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിലെക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റഷീദ തല്ലൈബാണ് മുസ്ലീമായ മറ്റൊരു ജനപ്രതിനിധി
സോമാലിയയിലെ ആഭ്യന്തര യുദ്ധത്തില്‍നിന്ന് രക്ഷപ്പെട്ട് കെനിയയിലെ അഭയാര്‍ത്ഥി ക്യാമ്ബിലേക്ക പലായനം ചെയ്തതാണ് ഇലാന്‍ ഉമറും കുടുംബവും. 1991 ലായിരുന്നു അത്. അതായത് ഉമറിന്റെ 12-ാം വയസ്സില്‍. നാല് വര്‍ഷം അവര്‍ കെനിയയിലെ തീര ദേശ നഗരമായ മൊംബാസയിലെ ഉതാങ്കോ അഭയാര്‍ത്ഥി ക്യാമ്ബില്‍ കഴിഞ്ഞു. അതിന് ശേഷമാണ അവര്‍ അമേരിക്കയിലെത്തി ആ രാജ്യത്തെ പൗരത്വം എടുത്തത്.
‘ എന്റെത് പോലുള്ള ജീവിത കഥ എനിക്ക് തന്നെ പ്രചോദനമമാണ്. സ്വപ്‌നം കാണുന്നതിനും പ്രതീക്ഷിക്കുന്നതിനുമാണ് ഇത്തരം കഥകള്‍ സഹായകരമാകുക’ അവര്‍ പറഞ്ഞു.
അമേരിക്കന്‍ പ്രതിനിധി സഭയില്‍ എത്തിയതോടെ വാര്‍ത്തയില്‍ ഇടം പിടിച്ച ഉമര്‍ അമേരിക്കയിലെ മുഖ്യധാര നിലപാടുകളെ പ്രകോപിപ്പിച്ചുകൊണ്ടെയിരുന്നു. അമേരിക്കിയിലെ ഇസ്രയേല്‍ അനുകൂലികള്‍ക്കെതിരെയായിരുന്നു അവരുടെ വിവാദമായ ഒരു പ്രസ്താവന. പണത്തിന്റെ ശക്തിയിലാണ് അമേരിക്കയിലെ ഇസ്രയേല്‍ അനുകൂല ലോബി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഇവരുടെ പ്രസ്താവന. വലിയ വിവാദമായതിനെതുടര്‍ന്ന് ഇവര്‍ പിന്നീട് പ്രസ്താവന പിന്‍വലിക്കുകയായിരുന്നു. താന്‍ രാഷ്ട്രീയ കാര്യങ്ങള്‍ പഠിക്കുന്നെയുള്ളൂവെന്നായിരുന്നു അവര്‍ പ്രസ്താവന പിന്‍വലിച്ചത്.
എന്തായാലും തീ്ഷ്ണമായ സാമൂഹ്യ രാഷ്ട്രീയ നിലപാടുകളിലൂടെ അമേരിക്കയിലെ രാഷട്രീയ നേതൃത്വത്തെയും സാമൂഹ്യ അവസ്ഥയെയും അസ്വസ്തമാക്കുകയാണ് ഇലാന്‍ ഉമര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *