ടൈറ്റാനിയം അഴിമതി കേസില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സിന് കോടതി നിര്‍ദ്ദേശം. കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി തള്ളി. കേസ് അടുത്തമാസം 29 ന് വീണ്ടും പരിഗണിക്കും.
കേസില്‍ ആറ് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ് കോടതിയെ അറിയിച്ചു.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് ടൈറ്റാനിയം കേസില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2005ല്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് അന്വേഷണം.














