ടീമുകള്‍ പറന്നിറങ്ങി; ഇനി 3 നാള്‍

ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് അണ്ടര്‍ 17 ഫിഫ ലോകകപ്പില്‍ കൊച്ചിയില്‍ പന്തുതട്ടാനിറങ്ങുന്ന ടീമുകള്‍ പറന്നിറങ്ങി. ഗ്രൂപ്പ് ഡിയിലെ ബ്രസീല്‍, സ്‌പെയിന്‍, വടക്കന്‍ കൊറിയ, നൈജര്‍ എന്നീ ടീമുകളാണ് ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.
കൊച്ചിയിലെ ആദ്യ മത്സരത്തില്‍ 7ന് ലോക ഫുട്‌ബോളിലെ രണ്ട് കരുത്തന്മാര്‍ ഏറ്റുമുട്ടാനിറങ്ങുന്നു.

ഹോട്ട് ഫേവറിറ്റുകളായ ബ്രസീലും യൂറോപ്യന്‍ കേളീശൈലിയുടെ വശ്യതയുമായെത്തുന്ന സ്‌പെയിനുമാണ് വൈകിട്ട് അഞ്ചിന് നേര്‍ക്കുനേര്‍ എത്തുന്നത്. ഈ ലോകകപ്പ് ദര്‍ശിക്കുന്ന ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാകും അത്.

നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങിയ ആദ്യ ടീം സ്‌പെയിനായിരുന്നു. ഇന്നലെ പുലര്‍ച്ചെ 3.30നാണ് അവര്‍ വിമാനമിറങ്ങിയത്. അതിരാവിലെ എത്തിച്ചേര്‍ന്ന സ്പാനിഷ് ടീം വൈകിട്ട് 5.30ന് ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങുകയും ചെയ്തു. ഗോളടിക്കാനും പ്രതിരോധക്കോട്ട കെട്ടാനുമുള്ള പരിശീനമാണ് ഇന്നലെ കോച്ച് സാന്റിയാഗോ ഡെനിയ സാഞ്ചെസ് സ്പാനിഷ് കൗമാര പടയ്ക്ക് നല്‍കിയത്.

നിലവിലെ യൂറോ അണ്ടര്‍ 17 ചാമ്പ്യന്മാരായ സ്‌പെയ്ന്‍ ഇതുവരെ ലോകകപ്പിന്റെ കൗമാര മേളയില്‍ കിരീടം ചൂടിയിട്ടില്ല. ബാഴ്‌സലോണ അക്കാദമി താരം മത്തിയോ മോറെയാണ് സ്‌പെയ്‌നിന്റെ തുരുപ്പുചീട്ട്. വലതുബാക്കായി കളിക്കുന്ന മോറെയുടെ ചടുല നീക്കങ്ങള്‍ ഹരം പകരും.

ലോകകപ്പിനുശേഷം മോറെ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കില്‍ ചേരും. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 4 ഗോളടിച്ച ആബേല്‍ റൂയിസാണ് മറ്റൊരു താരം. അണ്ടര്‍ 17 വിഭാഗത്തില്‍ ദേശീയ ടീമില്‍ 23 തവണ കളിച്ച റൂയിസ് 19 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.സാന്റിയാഗോ ഡെനിയ സാഞ്ചെസ് എന്ന പരിശീലകന് കീഴില്‍ ഇന്ത്യയിലെത്തിയ സ്പാനിഷ് യുവനിരയുടെ ലക്ഷ്യം ആദ്യ ലോകകിരീടം തന്നെ.

ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെ മുംബൈയില്‍ നിന്നാണ് ബ്രസീല്‍ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. കഴിഞ്ഞയാഴ്ച മുംബൈയിലെത്തിയ ബ്രസീല്‍ മുംബൈയിലെ പരിശീലനത്തിനും ന്യൂസിലാന്‍ഡിനെതിരെ സൗഹൃദമത്സരം കളിക്കുകയും ചെയ്തശേഷമാണ് എത്തിയത്. നീല ടീ ഷര്‍ട്ടും കറുത്ത ഷോര്‍ട്‌സുമായിരുന്നു താരങ്ങളുടെ വേഷം. ആരവങ്ങളില്ലാതെയാണ് കൊച്ചി വരവേറ്റത്.

വിമാനമിറങ്ങി പുറത്തുവന്നശേഷം ബസ്സില്‍ ടീമിന്റെ വാസസ്ഥലമായ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലേക്ക് പോയി. പിന്നീട് വൈകിട്ട് 6മണിയോടെ കാനറികള്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങുകയും ചെയ്തു.

മൂന്ന് തവണ ലോകകപ്പ് നേടിയിട്ടുള്ള ബ്രസീല്‍ ഇത്തവണ കൊച്ചിയിലെത്തിയത് നാലാം കിരീടം തേടിയുള്ള പ്രയാണത്തിന്റെ തുടക്കത്തിനാണ്. സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന്റെ അഭാവത്തിലും ബ്രസീലിന്റെ കരുത്ത് കുറയുന്നില്ല. മധ്യനിര താരം അലന്‍ ഡി സോസ ഗയ്മാറെസാണ് നിലവില്‍ ബ്രസീലിന്റെ കുന്തമുന.

ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചിലിക്കെതിരെ ഹാട്രിക് അടിച്ചിട്ടുണ്ട് സോസ. ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോററായ വിനീഷ്യസിന് ഗോളവസരങ്ങള്‍ സൃഷ്ടിച്ചതും സോസയായിരുന്നു. പരമ്പരാഗത ശൈലി ഇഷ്ടപ്പെടുന്ന കാര്‍ലോസ് അമാദു ആണ് കോച്ച്.

ഇന്നലെ ഉച്ചയ്ക്ക് 2.40ഓടെയാണ് വടക്കന്‍ കൊറിയന്‍ ടീം എത്തിയത്. അബുദാബിയില്‍ പരിശീലനത്തിലായിരുന്ന കൊറിയന്‍ സംഘം അവിടുന്ന് നേരെ കൊച്ചിയിലെത്തുകയായിരുന്നു. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെയാണ് കൊറിയന്‍ ടീം കൊച്ചിയിലെത്തിയിട്ടുള്ളത്. ബ്രസീലും സ്‌പെയിനും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ വമ്പന്‍ അട്ടിമറികള്‍ നടത്തിയാലേ അവര്‍ക്ക് നോക്കൗട്ട് റൗണ്ടില്‍ കടക്കാന്‍ കഴിയുകയുള്ളൂ.

അത്തരത്തിലൊരു അട്ടിമറിക്കാണ് കൊറിയക്കാര്‍ തയ്യാറെടുക്കുന്നത്. വിജയങ്ങള്‍ വെട്ടിപ്പിടിച്ച് മികവ് കാട്ടാതെ അവര്‍ക്ക് ജന്മനാട്ടിലേക്ക് മടങ്ങാനാവില്ല. തോറ്റ് പരാജിതരായി മടങ്ങിയാല്‍ ഖനികളും കല്‍ത്തുറങ്കുമാണ് അവരെ കാത്തിരിക്കുന്നത്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവുകാട്ടുന്ന കിം പോണ്‍ ഹ്യോക് ആണ് കൊറിയയുടെ പ്രധാന താരം.

കോച്ച് യുന്‍ ജോങ് സണിന്റെ പദ്ധതിയില്‍ ഹ്യോകിന് നിര്‍ണായക സ്ഥാനമുണ്ട്. പ്രത്യാക്രമണമാണ് കൊറിയയുടെ പ്രധാന ആയുധം. ഹോട്ടലില്‍ എത്തി വിശ്രമത്തിന് അധികം സമയം താരങ്ങള്‍ നല്‍കാന്‍ പരിശീലകന്‍ യുന്‍ ജോങ് സണ്‍ അനുവദിച്ചില്ല. പനമ്പള്ളിനഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി മൈതാനിയില്‍ അവര്‍ പരിശീലനത്തിനിറങ്ങുകയും ചെയ്തു.

കന്നിലോകകപ്പ് കളിക്കാനെത്തുന്ന നൈജര്‍ പകല്‍ നാലിനാണ് കൊച്ചിയില്‍ എത്തിയത്. അണ്ടര്‍ 17 ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ മികച്ച പ്രകടനമാണ് നൈജറിന്റെ ആത്മവിശ്വാസം. മുന്നേറ്റക്കാരന്‍ ഇബ്രാഹിം ബബക്കാര്‍ മറൗ, മധ്യനിര താരം അബ്ദൗള്‍ കരീം ടിന്നി സന്‍ഡ എന്നിവരാണ് ടീമിന്റെ ഊര്‍ജം. ടിയെമോഗോ സൗമയ്‌ല ആണ് പരിശീലകന്‍. കൊച്ചിയിലെത്തിയ ടീം ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല. കോച്ച് താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *