ടി.ആർ.പി തട്ടിപ്പ്: വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് നിർത്തി ബാർക്ക്

ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിങ് റിപോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് അടുത്ത മൂന്നുമാസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. റേറ്റിങ് ഏജന്‍സിയായ ബാര്‍ക്ക് (ബ്രോഡ്കാസ്റ്റിങ് ഓഡിയന്‍സ് റിസര്‍ച്ച്‌ കൗണ്‍സില്‍) ആണ് ഇക്കാര്യം അറിയിച്ചത്. അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി അടക്കം മൂന്ന് ചാനലുകള്‍ ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചത് വിവാദത്തിലായ പശ്ചാത്തലത്തിലാണ് ബാര്‍ക്കിന്റെ പുതിയ തീരുമാനം. റേറ്റിങ്ങിന് ഉപയോഗപ്പെടുത്തുന്ന സംവിധാനങ്ങള്‍ സമ്ബൂര്‍ണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ബാര്‍ക്ക് ഏജന്‍സി വ്യക്തമാക്കിയതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു.
നിലവിലെ സംവിധാനത്തിലെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഏജന്‍സി അറിയിച്ചു. ഇംഗ്ലീഷ് ന്യൂസ് ചാനലുകളുടെയും, ഹിന്ദി മറ്റു പ്രാദേശിക ഭാഷകള്‍, ബിസിനസ് മാധ്യമങ്ങള്‍ എന്നിവയുടെയെല്ലാം റേറ്റിങ് സംവിധാനം കര്‍ശനമായി പരിശോധിക്കേണ്ടതുള്ളതിനാലാണ് റിപോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് മൂന്നുമാസത്തേയ്ക്ക് നിര്‍ത്തിയത്. അതേസമയം, റേറ്റിങ് സംബന്ധിച്ച ഏകദേശവിവരം ലഭ്യമാക്കാന്‍ സംസ്ഥാനവും ഭാഷയും അനുസരിച്ച്‌ വാര്‍ത്തകളുടെ വിഭാഗത്തിനായുള്ള പ്രതിവാരകണക്കുകള്‍ പുറത്തുവിടുന്നത് തുടരുമെന്ന് ബാര്‍ക്ക് വ്യക്തമാക്കി.

റേറ്റിങ് അളക്കുന്നതിനും റിപോര്‍ട്ട് ചെയ്യുന്നതിനുമുള്ള നിലവിലെ മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യുകയും കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുക, സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിന് വീടുകളിലെ പാനലുകളിലേക്ക് നുഴഞ്ഞുകയറി തട്ടിപ്പ് നടത്താനുള്ള പഴുതുകള്‍ ഇല്ലാതാക്കുക എന്നിവയുടെ ഭാഗമാണ് നടപടി. റേറ്റിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എട്ടുമുതല്‍ 12 വരെ ആഴ്ചകളെടുക്കുമെന്നും അതുവരെ വാര്‍ത്താചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവയ്ക്കുമെന്നുമാണ് ബാര്‍ക്ക് വ്യക്തമാക്കിയത്.

റേറ്റിങ്ങില്‍ മുന്നിലെത്താന്‍ റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് മാധ്യമങ്ങള്‍ തട്ടിപ്പ് നടത്തിയതായി മുംബൈ പോലിസ് വെളിപ്പെടുത്തിയതോടെയാണ് ബാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആരംഭിച്ചത്. ഇതില്‍ രണ്ടെണ്ണം മറാത്തി ചാനലുകളാണ്. കേസില്‍ ഇതുവരെ പോലിസ് അഞ്ചുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പോലിസ് നടപടിക്കെതിരായ റിപബ്ലിക് ടിവിയുടെ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. ബോംബെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ചാനലിനോട് സുപ്രിംകോടതി നിര്‍ദേശിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *