ഞങ്ങള്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണോ?’; കര്‍ഷക മാര്‍ച്ച് തടഞ്ഞതില്‍ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ഗാസിയാബാദില്‍ കര്‍ഷക മാര്‍ച്ച് പൊലീസ് തടഞ്ഞതില്‍ പ്രതിഷേധം ശക്തം. കിസാന്‍ ക്രാന്തി യാത്ര എന്ന പേരിലുള്ള കൂറ്റന്‍ മാര്‍ച്ച് പത്താം ദിവസമാണ് തടഞ്ഞത്. റാലി തടഞ്ഞതിനെ കര്‍ഷക സംഘം പ്രസിഡന്റ് നരേഷ് തികെയ്ത് വിമര്‍ശിച്ചു. ‘സമാധാനപരമായി പ്രതിഷേധിക്കുന്നവരെ എന്തിനാണ് അതിര്‍ത്തിയില്‍ തടഞ്ഞത്? റാലി സമാധാനപരമായാണ് മുന്നേറുന്നത്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവിടെയുള്ള സര്‍ക്കാറിനോട് പറയാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ ആരോടാണ് പറയേണ്ടത്? ഞങ്ങള്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണോ’യെന്നും നരേഷ്
തികെയ്ത് ചോദിച്ചു.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത്. യുപി-ഡല്‍ഹി അതിര്‍ത്തിയില്‍ വെച്ചാണ് മാര്‍ച്ച് പൊലീസ് തടഞ്ഞത്. കര്‍ഷകര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹരിദ്വാറില്‍ നിന്നാരംഭിച്ച കര്‍ഷക മാര്‍ച്ച് ഇന്ന് ഡല്‍ഹിയില്‍ എത്താനിരിക്കെയാണ് ഗാസിയാബാദില്‍ പൊലീസ് തടഞ്ഞത്. ഇരുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒക്ടോബര്‍ നാല് വരെയും കിഴക്കന്‍ ഡല്‍ഹിയില്‍ ഒക്ടോബര്‍ എട്ട് വരെയുമാണ് നിരോധനാജ്ഞ.

പദയാത്രക്ക് അനുമതി തേടിയിട്ടില്ല എന്നാണ് ഡല്‍ഹി പൊലീസിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കാനുള്ള റോഡുകളെല്ലാം തന്നെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. ബാരിക്കേഡിന് മുകളിലേക്ക് കര്‍ഷകര്‍ ട്രാക്ടര്‍ ഓടിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. അഞ്ഞൂറിലധികം ട്രാക്ടറുകളാണ് സമരക്കാരുടെ കൂടെ ഉള്ളത്.

70000ല്‍ കൂടുതല്‍ കര്‍ഷകരാണ് പദയാത്രയില്‍ അണിനിരന്നിട്ടുള്ളത്. പൊലീസ് ഇവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണീര്‍ വാതക ഷെല്ലുകളും ടിയര്‍ഗ്യാസും പ്രയോഗിച്ചു. ഇപ്പോള്‍ പ്രദേശത്ത് സംഘര്‍ഷം തുടരുകയാണ്. നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. കര്‍ഷകര്‍ പിന്തിരിയാന്‍ കൂട്ടാക്കാതെ സമരം തുടരുകയാണ്.

മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരില്‍ ഭൂരിപക്ഷവും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നതാണ് മറ്റൊരു ശ്രദ്ധേയ വിഷയം. ഭാരതീയ കിസാന്‍ യൂണിയന്റെ പ്രസിഡന്റ് രാകേഷ് ടികായത്താണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടത്തിവിടണം എന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *