ജോളിയുമായി പ്രണയത്തിലായിരുന്നു, ഭാര്യയെയും മകളെയും കൊല്ലാന്‍ അവസരമൊരുക്കി; കുറ്റം സമ്മതിച്ച്‌ പൊട്ടിക്കരഞ്ഞ് ഷാജു


കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളില്‍ ഒടുവില്‍ കുറ്റം സമ്മതിച്ച്‌ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ആദ്യ ഭാര്യ സിലിയേയും കുട്ടിയേയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തുവെന്നാണ് ഷാജുവിന്റെ കുറ്റസമ്മതം. ഡന്റല്‍ ക്ലിനിക്കില്‍ അവരെ എത്തിച്ചത് അതിന്റെ ഭാഗമായാണെന്നും ചോദ്യം ചെയ്യലിനിടെ ഷാജു പറഞ്ഞു.


കൊലപാതകങ്ങളെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പറഞ്ഞ ഷാജു ഒടുവില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. ജോളിയെ വിവാഹം കഴിക്കുന്നതിന് മുമ്ബുതന്നെ ഷാജുവിന് കൊലപാതകങ്ങളില്‍ പങ്കുണ്ടായിരുന്നുവെന്നാണ് ഇതോടെ വ്യക്തമായിട്ടുള്ളത്.


നേരത്തെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസില്‍ ഒന്നര മണിക്കൂറോളം ഷാജുവിനെ ചോദ്യം ചെയ്തിരുന്നു. ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച്‌ അറിയാമായിരുന്നെന്ന് ഷാജു മൊഴി അപ്പൊള്‍ നല്‍കിയിരുന്നു. തന്നെയും വധിക്കുമൊ എന്ന ഭയം കാരണമാണ് പുറത്തുപറയാതിരുന്നതെന്നും ഷാജു പറഞ്ഞു. താനൊരു അധ്യാപകനാണ്. അതുകൊണ്ട് ആ പരിഗണന നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഷാജു പറഞ്ഞു. അധ്യാപകനായ തന്റെ ഭാഗത്തുനിന്ന് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്നും ഷാജു സമ്മതിച്ചു.

ഇന്ന് രാവിലെയാണ് ഷാജുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പിന്നീട് കസ്റ്റഡിയിലെടുക്കകയും ആയിരുന്നു. ഷാജുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ഷാജു നിരപരാധിയാണെന്ന് വാദിച്ച്‌ ഷാജുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. മരണങ്ങളില്‍ ജോളിയെ സംശമുണ്ടെന്നും ഷാജുവിന്റെ കുടുംബം ആരോപിച്ചു.

ജോളിയെ സംശയിച്ചിരുന്നില്ലെന്നും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ജോളിയെ ചോദ്യംചെയ്തപ്പോള്‍ മാത്രമാണ് അവരുടെ പങ്കിനെ കുറിച്ച്‌ അറിയാന്‍ കഴിഞ്ഞെതുമായിരുന്നു ഷാജുവിന്റെ ആദ്യപ്രതികരണം. ജോളി എന്‍ ഐ ടി അധ്യാപികയാണെന്നാണ് മറ്റുള്ളവരെ പോലെ താനും വിശ്വസിച്ചിരുന്നതെന്നും അന്ന് ഷാജു പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാടുകളില്‍നിന്നാണ് ഷാജുവിന്റെ ഇപ്പോഴത്തെ മലക്കം മറിച്ചില്‍.

പലസമയത്തും ജോളി തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ജോളിയുടെ പുറമേയുള്ള ബന്ധങ്ങളും തന്നില്‍ ഭയമുണ്ടാക്കിയിരുന്നു. ഈ ബന്ധങ്ങളുപയോഗിച്ച്‌ ജോളി തന്നെ ഇല്ലാതാക്കുമെന്ന് ഭയപ്പെട്ടിരുന്നെന്നും ഷാജു പറഞ്ഞു. ഭാര്യ സിലി മരിച്ച സമയത്ത് അന്ത്യചുംബനം നല്‍കുന്ന വേളയില്‍ തനിക്കൊപ്പം കയറി നില്‍ക്കാന്‍ ജോളി ശ്രമിച്ചിരുന്നെന്നും ഷാജു മൊഴി നല്‍കി.

ഇന്ന് ജോളി നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷാജുവിനെതിരായ കുറുക്ക് മുറുകിയത്. ഇയാളുടെ ഭാര്യയായ സിലിയെ താനാണ് കൊന്നതെന്ന് ഷാജു അറിഞ്ഞിരുന്നുവെന്ന് ജോളി പൊലിസിനോട് വ്യക്തമാക്കിയിരുന്നു.അവള്‍ കൊല്ലപ്പെടേണ്ടവളാണെന്നും ഈ കാര്യം ആരും അറിയേണ്ടെന്നും തന്നോട് പറഞ്ഞതായും ജോളി മൊഴിനല്‍കി. ഇതിന് ശേഷമാണ് ഇയാളുടെ വീട്ടില്‍ ക്രാംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതും ശേഷം ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതും.



Sharing is Caring