ജോളിയുടെ ഉറ്റസുഹൃത്തായ യുവതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്


കോഴിക്കോട് : കൂടത്തായി കൊലപതക പരമ്ബരയിലെ പ്രതി ജോളി ജോസഫിന്റെ ഉറ്റ സുഹൃത്തായ യുവതിയെ പൊലീസ് തിരയുന്നു. ജോളിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇവര്‍ക്കറിയാമെന്നാണ് സൂചന. പൊലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് എന്‍.ഐ.ടി പരിസരത്തെ തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയെ കുറിച്ച്‌ വിവരങ്ങള്‍ ലഭിച്ചത്. ഇവരെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ഐടി ജീവിതത്തിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്നും പൊലീസ് കണക്കു കൂട്ടുന്നു.


എന്‍.ഐ.ടി പരിസരത്തെ ഒരു തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന ഇവരെ കുറിച്ച്‌ ഇതുവരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജോളി പതിവായി പോയിരുന്ന ഈ തയ്യല്‍ കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവരാണ് ജോളിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഇവരെക്കാള്‍ ആത്മബന്ധം റാണിയോട് ജോളിക്കുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്.


ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നും യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്. എന്നാല്‍ യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നല്‍കാന്‍ ജോളി തയാറായിട്ടില്ല.



Sharing is Caring