ജോയിന്റ് സെക്രട്ടറി നിയമനം ആര്‍.എസ്.എസുകാര്‍ക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ ജോയിന്റ് സെക്രട്ടറി തലത്തില്‍ സ്വകാര്യമേഖലയില്‍ നിന്നുളളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുളള നീക്കം അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ​ആര്‍.എസ്.എസുകാരെയോ ആര്‍.എസ്.എസ് ചായ‌്‌വുള്ളവരെയോ കേന്ദ്ര സര്‍വീസില്‍ താക്കോല്‍ സ്ഥാനത്ത് നിയമിക്കാനുളള നീക്കമാണിതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കേന്ദ്ര സര്‍വീസില്‍ നിര്‍ണായകവും സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുളളതുമായ തസ്തികയാണ് ജോയിന്റ് സെക്രട്ടറി. നയരൂപീകരണത്തിലും സര്‍ക്കാരിന്റെ പരിപാടികള്‍ നടപ്പാക്കുന്നതിലും ജോയിന്റ് സെക്രട്ടറിയുടെ പങ്ക് പ്രധാനമാണ്. ഐ.എ.എസ് ഉള്‍പ്പെടെയുള്ളവരെ മാത്രമാണ് ഈ തസ്തികയിലേക്ക് നിയമിക്കുന്നത്. പുതിയ തീരുമാനം നടപ്പായാല്‍ ഐ.എ.എസ് ഉള്‍പ്പെടെയുളള കേന്ദ്ര സര്‍വീസുകള്‍ ഒന്നുമല്ലാതാകും. പൊതുവില്‍ സിവില്‍ സര്‍വീസ് ദുര്‍ബലമാകും. ഉദ്യോഗസ്ഥ സംവിധാനം എന്നും സ്വതന്ത്രവും സ്ഥിരവുമായിരിക്കണമെന്ന തത്വം തന്നെ നിരാകരിച്ച്‌ പൂര്‍ണമായി രാഷ്ട്രീയ വിധേയത്വമുളളവരെ ചുമതലകള്‍ ഏല്‍പ്പിക്കാനുളള നീക്കമാണിത്.

റവന്യൂ, ധനകാര്യം, സാമ്ബത്തികം, വാണിജ്യം, സിവില്‍ വ്യോമയാനം, കൃഷി, സഹകരണം, ഗതാഗതവും ഷിപ്പിംഗും,​ പരിസ്ഥിതി തുടങ്ങി പ്രധാന മന്ത്രാലയങ്ങളിലേക്കാണ് പുറത്ത് നിന്ന് ആളെ നിയമിക്കുന്നത്. ഇത് തുടക്കമാണ്. ഭാവിയില്‍ ഇത് വ്യാപകമാകും. സര്‍ക്കാരിനോട് ഒരു ഉത്തരവാദിത്തവുമില്ലാത്തവരെ സ്വകാര്യ മേഖലയില്‍ നിന്ന് താല്‍ക്കാലികക്കാരായി നിയമിക്കുന്നത് വലിയ ഭവിഷ്യത്തായിരിക്കും. കരാര്‍ അടിസ്ഥാനത്തില്‍ വരുന്നവര്‍ രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് സ്വകാര്യ മേഖലയിലേക്ക് തിരിച്ചുപോകുമ്ബോഴുളള അപകടത്തെക്കുറിച്ചും ചിന്തിക്കണം. സ്വകാര്യ മേഖലയില്‍ നിന്നുളള കരാര്‍ നിയമനം വരുമ്ബോള്‍ പട്ടികജാതി,​ പട്ടികവര്‍ഗക്കാര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും സംവരണം ലഭിക്കില്ല എന്ന ഗുരുതരമായ പ്രശ്നവും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *