ജെ.എന്‍.യു വിദ്യാര്‍ഥിയുടെ തിരോധാനം: പ്രത്യേക സംഘം അന്വേഷിക്കും

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ ക്രൂരമായ മര്‍ദനത്തിനിരയായ ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകന്‍ നജീബ് അഹമ്മദിനെ കാണാതായ സംഭവത്തെച്ചൊല്ലി പ്രതിഷേധം ശക്തിപ്പെട്ടുവരുന്നതിനിടെ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ (എസ്.ഐ.ടി) നിയമിച്ചു.

ഡല്‍ഹി പൊലിസിലെ പ്രത്യേക സംഘമാവും അന്വേഷിക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. തിരോധാനത്തെക്കുറിച്ച് രാജ്യത്തെ എല്ലാ പോലിസ് ഓഫിസര്‍മാരെയും വിവരം ധരിപ്പിക്കാനും വിവിധ മാധ്യമങ്ങളില്‍ പരസ്യം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നജീബിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിനു കൈമാറുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്നും ഡല്‍ഹി പൊലിസ് വ്യക്തമാക്കി.

അതിനിടെ, നജീബിന്റെ തിരോധാനത്തില്‍ പ്രതിഷേധിക്കുന്ന ജെ.എന്‍.യു വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ എം. ജഗദേഷ് കുമാര്‍ അടക്കമുള്ളവരെ 20 മണിക്കൂറോളം ഓഫിസില്‍ തടഞ്ഞു വെച്ചു.

ബുധനാഴ്ച ഉച്ച മുതല്‍ തുടങ്ങിയ ഉപരോധം ഇന്നലെ രാവിലെയാണ് അവസാനിച്ചത്. നജീബിനെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി.സി രേഖാമൂലം ഉറപ്പുനല്‍കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ മണിക്കൂറുകളോളം ഉപരോധിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *