ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ഇടതുസഖ്യത്തിന് ജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ.സെക്രട്ടറി തുടങ്ങിയ നാലു സീറ്റുകളും എഐഎസ്‌എയും (സിപിഐഎംഎല്‍) എസ്‌എഫ്‌ഐയും (സിപിഎം) ഉള്‍പ്പെട്ട ഇടതുസഖ്യം സ്വന്തമാക്കി.
മോഹിത് പാണ്ഡെ ആണ് പ്രസിഡന്റ്. മലയാളിയായ പി.പി. അമലാണ് വൈസ് പ്രസിഡന്റ്, തബ്രസ് ഹസന്‍ ജോയന്റ് സെക്രട്ടറിയും സതപുര ചക്രബര്‍ത്തി ജനറല്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ആശംസ.
കൗണ്‍സിലര്‍ സീറ്റുകളില്‍ ഭൂരിഭാഗവും ഇടതുസഖ്യത്തിനു തന്നെയാണ്.29 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നതെങ്കിലും 18 സ്ഥലത്തുമാത്രമാണ് രാഷ്ട്രീയ അടിസ്ഥാനത്തില്‍ മല്‍സരമുണ്ടായിരുന്നത്. ഇതില്‍ 15 എണ്ണം എഐഎസ്‌എ-എസ്‌എഫ്‌ഐ സഖ്യം സ്വന്തമാക്കി. ഒരു സീറ്റ് എബിവിപിയും ഒരു സീറ്റ് ഡിഎസ്‌എഫും നേടി. 12 സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചു.
അതേസമയം, ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ എബിവിപി വിജയിച്ചു. ജോയിന്‍റ് സെക്രട്ടറി സ്ഥാനം എന്‍എസ്‍യു നേടി.













