ജുവന്റസ്, നാപ്പോളി ക്വാര്‍ട്ടറില്‍


ഇറ്റാലിയന്‍ ലീഗ് കപ്പ് ഫുട്‌ബോൡ ജുവന്റസ്, നാപ്പോളി എന്നീ കരുത്തര്‍ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ റോമക്കും ഫിയോറന്റീനക്കും അടിതെറ്റി. ജുവന്റസ് 4-0ന് ടോറിനോയെയും നാപ്പോളി 3-0ന് വെറോണയെയും കീഴടക്കി അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയപ്പോള്‍ റോമ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെസിയയോടും ഫിയോറന്റീന 1-0ന് കാര്‍പിയോടും പരാജയപ്പെട്ടാണ് പുറത്തായത്.


ടോറിനോക്കെതിരായ മത്സരത്തില്‍ സിമോണ്‍ സാസയുടെയും പൗലോ ഡൈബാലയുടെയും ഇരട്ട ഗോളുകളാണ് ജുവന്റസിന് മിന്നുന്ന വിജയം സമ്മാനിച്ചത്. സാസ 28, 51 മിനിറ്റുകളിലും ഡൈബാല 73, 82 മിനിറ്റിലുമാണ് ജുവന്റസിനായി ലക്ഷ്യം കണ്ടത്. 49-ാം മിനിറ്റില്‍ ടോറിനോയുടെ ക്രിസ്റ്റിയന്‍ മൊലിനാരോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കൡക്കേണ്ടിവന്നതും അവര്‍ക്ക് തിരിച്ചടിയായി.
വെറോണക്കെതിരായ മത്സരത്തില്‍ നാലാം മിനിറ്റില്‍ ഒമര്‍ കഡൗരി, 12-ാം മിനിറ്റില്‍ മെര്‍ട്ടന്‍സ്, 75-ാം മിനിറ്റില്‍ കല്ലെജന്‍ എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് നാപ്പോളി വിജയം നേടി ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.


ഫിയോറന്റീനക്കെതിരായ കൡയില്‍ 76-ാം മിനിറ്റില്‍ അന്റോണിയോ ഡി ഗ്വാഡിയോ നേടിയ ഏക ഗോളാണ് കാര്‍പിക്ക് വിജയവും ക്വാര്‍ട്ടര്‍ ബര്‍ത്തും സമ്മാനിച്ചത്.
രണ്ടാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന സ്‌പെസിയയാണ് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ റോമയെ തകര്‍ത്തത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ റോമയുടെ മിറാലെം പാനിക്ക്, എഡിന്‍ സെക്കോ എന്നിവര്‍ കിക്ക് പാഴാക്കിയപ്പോള്‍ ഡി റോസി, ലൂക്കാസ് ഡിഗ്‌നെ എന്നിവര്‍ ലക്ഷ്യം കണ്ടു. അതേസമയം സ്‌പെസിയക്ക് വേണ്ടി കിക്കെടുത്ത ക്ലോഡിയോ ടെര്‍സി, ആന്‍ഡേഴ്‌സണ്‍ സില്‍വ, ജുവാന്‍ഡെ, അകംപോറ എന്നിവര്‍ കിക്കുകള്‍പിഴവു കൂടാതെ റോമ വലയിലെത്തിച്ചു.



Sharing is Caring