ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനൊടുക്കിയ വിമുക്ത ഭടന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാര തുകയായ ഒരു കോടി രൂപ നല്‍കാനാവില്ലെന്നു ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍.
സംസ്ഥാന സര്‍ക്കാറിന്റെ നഷ്ടപരിഹാരം നല്കുന്ന വ്യവസ്ഥകള്‍ക്കു വിരുദ്ധമാണ് മന്ത്രിസഭയുടെ നടപടിയെന്നു അപേക്ഷ തള്ളി ഗവര്‍ണര്‍ അനില്‍ ബൈജാല്‍ പറഞ്ഞു.

ഹരിയാന ഭിവാനി സ്വദേശി റിട്ട. സുബേദാര്‍ രാംകിഷന് ഗ്രേവാള്‍ (70) ന്റെ കുടുംബത്തിനാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. എന്നാല്‍ അപേക്ഷ തള്ളിയ ഗവര്‍ണര്‍ സര്വിസിലിരിക്കേയല്ല രാം കിഷന് മരിച്ചതെന്നു ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നവംബറിലാണ് രാംകിഷന് ഗ്രേവാള്‍ ജീവനൊടുക്കിയത്. ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ടു നടത്തുന്ന സമരത്തിനിടെയാണ് രാംകിഷന് വിഷം കഴിച്ചത്. കുഴഞ്ഞു വീണ ഇയാള്‍ ഉടന്‍ മരിക്കുകയായിരുന്നു.
രാംകിഷന് ഗ്രേവാളിന് രക്തസാക്ഷി പദവിയും ആശ്രിതര്‍ക്ക് ഒരു കോടി രൂപ ആശ്വാസധനവും പ്രഖ്യാപിച്ച കേജരിവാളിന്റെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി ഫയല്‍ ചെയ്തിരുന്നു.













