ജിഷ്ണു പ്രണോയ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മഹിജ സുപ്രിം കോടതിയിലേയ്ക്ക്


കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ നാളെ സുപ്രിം കോടതിയെ സമീപിക്കും.സംസ്ഥാന പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും പൊലീസില്‍ വിശ്വാസം പൂര്‍ണ്ണമായും നഷ്ടമായെന്ന്മാകും മഹിജ കോടതിയെ അറിയിക്കുക.


കൃഷ്ണദാസടക്കമുള്ള ആരോപണ വിധേയരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന ആരോപണങ്ങളാണ് അപേക്ഷയില്‍ മഹിജ ഉന്നയിക്കുക.ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രിം കോടതിയെ സമീപിക്കുന്നത്.


മാനേജ്‌മെന്റിലെ ഉന്നതര്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. പത്തു മാസത്തെ അന്വേഷണത്തില്‍ കാര്യമായി ഒന്നും കണ്ടെത്തിയിട്ടില്ല. ജാമ്യത്തില്‍ ഇറങ്ങിയവര്‍ തെളിവ് നശിപ്പിക്കും. ജിഷ്ണുവിന്റെ രക്തപ്പാടുള്ള മുറി പൊലീസ് സീല്‍ ചെയ്തില്ല. തൂങ്ങി കിടക്കുന്നത് കണ്ട കൊളുത്തും തുണിയും ഫോറന്‍സിക് പരിശോധനകള്‍ക്കായി അയച്ചില്ല.

ഡിവൈഎസ്പിയും സിഐയും സംഭവ സ്ഥലം സന്ദര്‍ശിച്ചില്ല. ജിഷ്ണുവിനെ ഇടിമുറിയില്‍ കയറ്റി മര്‍ദ്ദിക്കണമെന്ന് കൃഷ്ണദാസ് നിര്‍ദ്ദേശം നല്‍കിയിരുന്നതായി അറിഞ്ഞിട്ടു പോലും കൊലപാതക സാധ്യതയെ പറ്റി അന്വേഷിച്ചില്ലെന്നും മഹിജ കോടതിയെ അറിയിക്കും.



Sharing is Caring