ജില്ലാ ജഡ്ജി എതിര്‍ത്തു; കോ‌ടതിവളപ്പിലെ അംബേദ്കര്‍ പ്രതിമ നീക്കി

ഭോപ്പാല്‍ ജില്ലാ കോടതി പരിസരത്ത് ബാര്‍ അസോസിയേഷന്‍ സ്ഥാപിച്ച അംബേദ്കര്‍ പ്രതിമ അജ‌്ഞാതസംഘം നീക്കംചെയ‌്തു. കഴിഞ്ഞ ദിവസം രാത്രിയാണ‌് സംഭവം. ജില്ലാ ജഡ്ജിയുടെ സമ്മതമില്ലാതെ ജില്ലാ ബാര്‍ അസോസിയേഷന്റെ അംബേദ‌്കര്‍ ഓഡിറ്റോറിയത്തിനുമുന്നില്‍ സ്ഥാപിച്ച പ്രതിമയാണ‌് അജ‌്ഞാതര്‍ നീക്കിയത‌്. പ്രതിമ സ്ഥാപിച്ചതില്‍ ജില്ലാ ജഡ്ജി രാജേന്ദ്ര വര്‍മ പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ‌് സംഭവം. ജില്ലാ ബാര്‍ അസോസിയേഷന്‍ എംപി ന​ഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പ്രതിമ നീക്കംചെയ‌്തതുകൂടാതെ ഓഡിറ്റോറിയത്തിലെ സിസിടിവി, കസേര, ജനല്‍ എന്നിവയും അക്രമികള്‍ തകര്‍ത്തിട്ടുണ്ട‌്. ചൊവ്വാഴ‌്ച പ്രതിമ അനാച്ഛാദനം ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു. മധ്യപ്രദേശ് ഹെെക്കോടതിയുടെ അനുമതിയില്ലാതെയാണ് പ്രതിമ നിര്‍മിച്ചതെന്നും ഉടന്‍ നീക്കണമെന്നും ബാര്‍ അസോസിയേഷന്‍ ഭാരവാഹികളോട‌് ജഡ്ജി രാജേന്ദ്ര വര്‍മ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂരിപക്ഷംപേര്‍ക്കും പ്രതിമ വേണമെന്ന നിലപാടാണ‌്. അതിനാല്‍ അസോസിയേഷന്‍ നീക്കം ചെയ്യില്ല. വേണമെങ്കില്‍ കോടതിക്ക‌് സ്വമേധയാ നീക്കാമെന്ന് ബാര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രാജേഷ് വ്യാസ് പറഞ്ഞു.

ഒരു സിസിടിവിയില്‍ ചില അക്രമികളുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും അത‌് പൊലീസിന‌് കൈമാറിയിട്ടുണ്ടെന്നും വ്യാസ‌് പറഞ്ഞു. പ്രസിഡന്റായി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട വ്യാസിന്റെ പ്രധാന തെരഞ്ഞെടുപ്പ‌് വാഗ‌്ദാനങ്ങളിലൊന്നായിരുന്നു അംബേദ‌്കര്‍ ഓഡിറ്റോറിയവും പ്രതിമയും സ്ഥാപിക്കുമെന്നത‌്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *