ജാമ്യഹര്‍ജിയുമായി ദീലീപ് ഹൈക്കോടതിയിലേക്ക്, പഴുതിടാന്‍ കേരള പൊലീസ്


നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.


ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ജില്ലാ കോടതിയില്‍ പോകാമായിരുന്നിട്ടും ഹൈക്കോടതിയെ നേരിട്ട് സമീപിക്കുന്നത് ജാമ്യം ഉറപ്പിക്കാന്‍ തന്നെയാണെന്നാണ് വിവരം. എന്നാല്‍ ഇത്രയും ജനശ്രദ്ധയാകര്‍ഷിച്ച കേസിലെ പ്രതിയ്ക്ക്, അതും ഒരു സിനിമാ താരത്തിന്, എളുപ്പത്തില്‍ ജാമ്യം ലഭിയ്ക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ കേരളാ പൊലീസ് തുടങ്ങിയിട്ടുണ്ട്.
ദിലീപിനെതിരായ തെളിവുകളൊന്നും കേസ് ഡയറിയില്ലെന്നും ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എങ്ങനെ സമൂഹത്തില്‍ നിരവധി പേരുടെ അംഗീകാരമുള്ള നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് പ്രതിഭാഗം അഭിഭാഷകരുടെ വാദം . ഇതിനെ തടയാന്‍ കൃത്യമായ കേസ് ഡയറി ഹാജരാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി.


ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനും നീക്കമുണ്ട്. മാത്രവുമല്ല നിലവില്‍ അന്വേഷണം നടക്കുന്ന കേസില്‍
മുഖ്യപ്രതിക്ക് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകമാകുമെന്നും പോലീസ് വാദിക്കും.
അതേസമയം, കേസില്‍ നിര്‍ണായക തെളിവുകളിലൊന്നായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാണ് ഇപ്പോള്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്. ദിലീപിന്റേതെന്ന് കരുതുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ കഴിഞ്ഞ ദിവസം പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതും കേസിലെ ആദ്യഘട്ടത്തില്‍ കോയമ്ബത്തൂരില്‍ നിന്നും കണ്ടെത്തിയ ഫോണുകളും സംഘം പരിശോധിച്ചെങ്കിലും കാര്യമായ വിവരം ലഭിച്ചില്ലെന്നാണ് സൂചനകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ വിദേശത്തേക്ക് കടത്തിയിരിക്കാമെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്.



Sharing is Caring