ജാതിസംഘടനകളെ കൂടെ നിറുത്തിയുള്ള സമരം കമ്മ്യൂണിസ്റ്റ് വിപ്ലവപദ്ധതിയല്ല: വി.എസ്

തിരുവനന്തപുരം: എന്‍.എസ്.എസ് പോലുള്ള ജാതിസംഘടനകളെ കൂടെ നിറുത്തിയുള്ള വര്‍ഗസമരം ഒരിക്കലും കമ്മ്യൂണിസ്റ്റ് വിപ്ലവപദ്ധതിയല്ലെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഹിന്ദുത്വവാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകര്‍ത്തുന്നതല്ല വര്‍ഗസമരത്തിന്റെ രീതിശാസ്ത്രമെന്നും ബാലരാമപുരത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാവായ എന്‍.സി. ശേഖറിന്റെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങി വി.എസ് പറഞ്ഞു.

ശബരിമല വിവാദത്തിന്റെ വെളിച്ചത്തില്‍ സാമുദായിക, സാമൂഹ്യ സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പശ്ചാത്തലത്തില്‍ വി.എസിന്റെ പ്രതികരണത്തിന് പലവിധ രാഷ്ട്രീയമാനങ്ങള്‍ കല്പിക്കുന്നുണ്ട്. 190 ഹിന്ദു സമുദായ സംഘടനകളെ ക്ഷണിച്ച യോഗത്തില്‍ പക്ഷേ എന്‍.എസ്.എസ് അടക്കം കുറേ സംഘടനകള്‍ പങ്കെടുത്തിരുന്നില്ല.
നമുക്ക് എതിര്‍ത്ത് തോല്പിക്കാനുള്ളത് ഒരു ഫാസിസ്റ്റ് ഭരണകൂടത്തെയാണെന്ന് വി.എസ് പറഞ്ഞു. സമൂഹത്തില്‍ സവര്‍ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയര്‍ത്താനാണ് അവര്‍ ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിറുത്തുകയും ചെയ്യുന്നത്. നമുക്കത് ചെയ്യാനാവില്ല.

കര്‍ഷകരെയും തൊഴിലാളികളെയും വര്‍ഗ ഐക്യത്തിന്റെ പാതയിലേക്ക് നയിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളേറ്റെടുക്കുകയാണ് ഏതൊരു കമ്മ്യൂണിസ്റ്റുകാരന്റെയും അടിയന്തരകടമ. ആ കടമ നിര്‍വഹിക്കപ്പെടാതിരിക്കാനാണ് സംഘപരിവാര്‍ശക്തികള്‍ ശ്രമിക്കുന്നത്. ആ ശ്രമത്തിന് ഭരണകൂട പിന്തുണ നല്‍കുകയാണ് ബി.ജെ.പിയുടെ ദൗത്യം. ജനങ്ങളെ വര്‍ഗീയമായി വേര്‍പിരിക്കാനെളുപ്പമാണ്. എന്നാല്‍ വര്‍ഗപരമായി സംഘടിപ്പിക്കാന്‍ ഏറെ പ്രയാസവുമാണ്. ബി.ജെ.പി ശ്രമിക്കുന്നത് സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി ഭരണം നിലനിറുത്താനാണ്. നമുക്കേറ്റെടുക്കാനുള്ള കടമ വര്‍ഗ ഐക്യം കെട്ടിപ്പടുക്കലാണെന്നും വി.എസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *