ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ നാളെ റിപ്പോര്‍ട്ട് നല്‍കും; സോളാറില്‍ കണ്ണുംനട്ട് ഭരണ-പ്രതിപക്ഷ കക്ഷികള്‍

സോളാര്‍ കേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

കേരളത്തില്‍ സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ടീം സോളാര്‍ കമ്പനി പണംതട്ടിയെന്നതുമായി ബന്ധപ്പെട്ട കേസാണ് സോളാര്‍ അഴിമതിക്കേസ്.

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കാലാവധി സെപ്റ്റംബര്‍ 27വരെയാണ് നീട്ടിനല്‍കിയിരുന്നത്. നിശ്ചിത തിയതി അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേയാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.

കഴിഞ്ഞ ജൂലൈ 27 നു കമ്മിഷന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് രണ്ടുമാസത്തേക്കുകൂടി സര്‍ക്കാര്‍ നീട്ടിനല്‍കുകയായിരുന്നു.
സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് നിയമസഭയ്ക്ക് അകത്തും പുറത്തും നടന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് കണ്ടെത്താന്‍ 2013 ഒക്ടോബറിലാണ് കമ്മിഷനെ നിയമിച്ചത്. തുടര്‍ന്ന് എട്ടു തവണ കമ്മിഷന് സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കി.

സാക്ഷികളുടെ മൊഴി രേഖപ്പെടുത്തലും വാദവുമൊക്കെ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ മധ്യത്തോടെയാണ് ജസ്റ്റിസ് ജി.ശിവരാജന്‍ റിപ്പോര്‍ട്ട് തയാറാക്കി തുടങ്ങിയത്.

ഏപ്രില്‍ 27ന് കമ്മിഷന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ജൂലായ് 27 വരെ നീട്ടിനല്‍കിയത്.

എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ അവസാനജോലികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് കമ്മിഷന്‍ കാലാവധി ചുരുങ്ങിയ കാലത്തേക്കുകൂടി നീട്ടാന്‍ ആവശ്യപ്പെട്ടതും സര്‍ക്കാര്‍ രണ്ടുമാസത്തേക്കുകൂടി നീട്ടി നല്‍കിയതും.

ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 8464 പേജുകളിലായി 23 വോള്യങ്ങളിലാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ കമ്മിഷനുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേജുകളില്‍ മൊഴി രേഖപ്പെടുത്തിയതെന്ന പ്രത്യേകതയും സോളാര്‍ കമ്മിഷനിലാണെന്നാണ് സൂചന.

തെളിവുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് 7998 പേജുകളിലായാണ്. മൂന്നരവര്‍ഷം കൊണ്ട് 353 സിറ്റിങുകളാണ് നടത്തിയത്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, പൊലിസ് മേധാവി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 214 സാക്ഷികളെയാണ് വിസ്തരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *