ജലന്തര്‍ ബിഷപ്പിനെതിരെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവ്‌ രംഗത്ത്; വധഭീഷണി മുഴക്കിയെന്ന് വെളിപ്പെടുത്തല്‍


കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മറ്റൊരു കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന് കന്യാസ്ത്രീയുടെ പിതാവ്‌. തൈക്കാട്ടുശേരി സ്വദേശിയുടേതാണ് വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കര്‍ദിനാള്‍ ഉറപ്പുനല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കന്യാസ്ത്രീയുടെ അച്ഛന്‍ ‘ദേശാഭിമാനി’യോട് പറഞ്ഞു.


പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുംവിധമുള്ള പരാതി ബിഷപ്പ് തന്റെ മകളെ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്നും ഇദ്ദേഹം പറഞ്ഞു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മഠത്തിലെ മദര്‍ സുപ്പീരിയറിന്റെ സാന്നിധ്യത്തിലായിരുന്നു ഭീഷണി. ഇക്കാര്യം കഴിഞ്ഞവര്‍ഷം നവംബറില്‍ അയച്ച കത്തില്‍ മകള്‍ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കകം കത്തിലെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ദിനാളിനെ നേരില്‍ക്കണ്ട് പരാതി നല്‍കി. എന്നാല്‍ നടപടിയുണ്ടായില്ല.


ഭീഷണിക്കിരയായ കന്യാസ്ത്രീയെ ജലന്തറില്‍ത്തന്നെയുള്ള മറ്റൊരു മഠത്തിലേക്ക് കഴിഞ്ഞമാസം സ്ഥലംമാറ്റി. ഒരുമാസത്തെ അവധിയെടുത്ത് നാട്ടിലെത്തിയ ഇവര്‍ ഇപ്പോള്‍ കുറവിലങ്ങാടുള്ള കോണ്‍വന്റിലാണ്.



Sharing is Caring