വടക്കാഞ്ചേരി പീഡനക്കേസില്‍ ആരോപണ വിധേയനായ ജയന്തനെ സിപിഎമ്മില്‍നിന്ന് സസ്പെന്‍ഡ് ചെയ്തെങ്കിലും കൗണ്‍സിലര്‍ സ്ഥാനത്തുനിന്നു നീക്കാത്തതിനെതിരെ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുകയാണ്. കൗണ്‍സിലര്‍ പി.എന്‍. ജയന്തനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ജയന്തന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നു പകല്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുന്നത്. ഇന്നലെ വൈകിട്ട് ഇതേ ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ റോഡ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിക്കുകയും പൊലീസ് ലാത്തിവീശുകയം ചെയ്തിരുന്നു.
അതേസമയം, കേസ് അന്വേഷണസംഘത്തെ പൂര്‍ണമായും മാറ്റി.
പാലക്കാട് എഎസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഇന്ന് അന്വേഷണം ആരംഭിക്കും. പ്രതിപക്ഷവും പരാതിക്കാരിയും ആവശ്യപ്പെട്ടതുപോലെ വനിത ഉദ്യോഗസ്ഥര്‍ക്കു പ്രാധാന്യം നല്കികൊണ്ടാണു പുതിയ സംഘം രൂപീകരിച്ചിരിക്കുന്നത്. പാലക്കാട് എഎസ്പി ജി. പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. തൃശൂര്‍ റൂറല്‍ എസ്പി ആര്.നിശാന്തിനിയും തൃശൂര്‍ കമ്മിഷണര്‍ ജെ. ഹിമേന്ദ്രനാഥും മേല്‍നോട്ടം വഹിക്കും. എഡിജിപി ബി. സന്ധ്യ നയിക്കുന്ന അന്വേഷണസംഘത്തില്‍ ഇവരേക്കൂടാതെ രണ്ട് വനിത ഉദ്യോഗസ്ഥരടക്കം അഞ്ച് പേര്കൂടിയുണ്ട്.
പ്രത്യേകസംഘം രൂപീകരിച്ചതിനു തൊട്ടുപിന്നാലെ ബി. സന്ധ്യയും ജി. പൂങ്കുഴലിയും തൃശൂരിലെത്തി നേരത്തെ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. തൃശൂര്‍ റേഞ്ച് ഐജി എം.ആര്. അജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.














