ജനസംഖ്യാ രജിസ്റ്ററിന്റെ ചോദ്യാവലിയും ഷെഡ്യൂളും അന്തിമഘട്ടത്തിലെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ

നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററിന്റെ ചോദ്യാവലിയും ഷെഡ്യൂളും അന്തിമ രൂപത്തിലായെന്ന് രജിസ്ട്രാർ ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ്. സെന്‍സസ് 2021ന്റെ ആദ്യഘട്ടം എന്ന് ആരംഭിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ദ ഹിന്ദു ദിനപ്പത്രം നല്‍കിയ വിവരാവകാശ അപേക്ഷക്കാണ് രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസ് മറുപടി നല്‍കിയത്.

നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റർ നടപടിയുടെ നിലവിലെ സ്ഥിതിയും സെന്‍സസ് 2021 എന്ന് ആരംഭിക്കും എന്നുമായിരുന്നു ഹിന്ദു പത്രം സമർപ്പിച്ച വിവരാവകാശ അപേക്ഷയിലെ പ്രധാന ചോദ്യങ്ങള്‍. എന്‍.പി.ആറിന്റെ ചോദ്യാവലിയും ഷെഡ്യൂളും അന്തിമ രൂപത്തിലായിട്ടുണ്ടെന്നും 2021 സെന്‍സസിന്റെ ആദ്യഘട്ടം എന്ന് ആരംഭിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നുമാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ് നല്‍കിയ മറുപടി. നവംബർ 17നാണ് മറുപടി ലഭിച്ചത്.

നടപടി ക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സെന്‍സസ് 2021ന്റെ വിവരങ്ങള്‍ നല്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുകയും ദേശീയ പ്രാധാന്യമുള്ള സെന്‍സസ് പ്രവർത്തം തടസപ്പെടുമെന്നുമായിരുന്നു മാർച്ചില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ ജനറല്‍ എ.കെ സമല്‍ വിവരാവകാശ അപേക്ഷക്ക് മറുപടി നല്കിയിരുന്നത്. മാർച്ചില്‍ കോവിഡിനെ തുടർന്നാണ് എന്‍.പി.ആര്‍ – സെന്‍സസ് നടപടികള്‍ നിർത്തിവച്ചത്. അവ ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന സൂചനയാണ് വിവരാവകാശ മറുപടി വ്യക്തമാക്കുന്നത്.

എന്‍.പി.ആര്‍ നടപടിയും സെന്‍സസിന്റെ ആദ്യ ഘട്ടമായ ഹൗസ്‌ ലിസ്റ്റും ഹൗസ്‌ സെന്‍സസും ഏപ്രില്‍ -സെപ്തംബർ മാസങ്ങള്‍ക്കുള്ളില്‍ നടത്താനായിരുന്നു നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *