ജനങ്ങളുടെ ഭാഗത്ത്‌ നിന്ന് നിസ്സഹകരണം ഉണ്ടായി, ഫോട്ടോ എടുത്ത് പുലിയെ പ്രകോപിപ്പിച്ചു ;വിമര്‍ശിച്ച്‌ മന്ത്രി എ.കെ ശശീന്ദ്രന്‍

മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ കൈകുടുങ്ങിയ പുലി ചത്ത സംഭവത്തില്‍ ജനത്തിന്റെ ഭാഗത്ത് നിസഹകരണം ഉണ്ടായെന്ന വിമര്‍ശനവുമായി വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍.

പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പും വനം വകുപ്പ് എടുത്തിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനം പൂര്‍ണമായി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. മണ്ണാര്‍ക്കാട് ചിലര്‍ ഫോട്ടോ എടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം ഘട്ടങ്ങളില്‍ വനപാലകര്‍ നല്‍കുന്ന നിര്‍ദ്ദേശം നാട്ടുകാര്‍ പാലിക്കണം. ചത്ത പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും മന്ത്രി അറിയിച്ചു.

പാലക്കാട്ടെ മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയായിരുന്നു ചത്തത്. പുലര്‍ച്ചെ ഒന്നരയോടെയാണ് പുലി വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയത്. കോഴിക്കൂടിന്‍റെ നെറ്റില്‍ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം നില്‍ക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥരും മറ്റും എത്തി. തീരെ സുരക്ഷിതമല്ലാത്ത കൂട്ടില്‍ നിന്ന് പുലി ചാടാതിരിക്കാന്‍ ചുറ്റും വല കെട്ടി സുരക്ഷ ഒരുക്കി. പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഏഴേ കാലോടെ പുലി ചത്തത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പുലിയുടെ ശവശരീരം മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസിലേക്ക് മാറ്റും. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. മയക്കുവെടി വച്ച്‌ പുലിയെ പിടികൂടാനായിരുന്നു തീരുമാനം. ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. കടുവ പുലി പോത്ത് ആന എന്നിവയുടെ ശല്യം സ്ഥിരമായി ഉണ്ട്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ മൂന്ന് പുലികളെയാണ് ഇതേ ഭാഗത്ത് നിന്നും പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *