ചോദിച്ചു വാങ്ങിയ തോല്‍വി………..

സ്വയം വരുത്തിവച്ച പരാജയം എന്ന് ഇന്ത്യയുടെ ഐ.സി.സി ചാംപ്യന്‍സ് ട്രോഫി ഫൈനലിലെ പ്രകടനത്തെ ഒറ്റ വാക്കില്‍ കുറിച്ചിടാം. ടോസ് നേടിയിട്ടും സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ് എതിരാളിക്ക് കൈമാറിയ നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം പാളിയതില്‍ തുടങ്ങുന്നു ഇന്ത്യയുടെ പതനം. പാകിസ്താന്‍ ബാറ്റ്‌സ്മാര്‍ അവസരത്തിനൊത്തുയര്‍ന്നതോടെ ഇന്ത്യയുടെ ആത്മവിശ്വാസം അപ്പോടെ ചോര്‍ന്നു പോയി. പിന്നീട് മികച്ച സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിക്കാനിറങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമ്മര്‍ദം അതിജീവിക്കാന്‍ കഴിയാതെ വന്നതോടെ പാകിസ്താന്‍ വിചാരിച്ച കാര്യങ്ങള്‍ അവരുടെ വഴിക്ക് കൃത്യമായി വരികയും ചെയ്തു. പരുക്ക് പൂര്‍ണമായും ഭേദമാകാത്ത അശ്വിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെ മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും നിശിത വിമര്‍ശനമാണ് ഉന്നയിച്ചത്.
അശ്വിനാകട്ടെ പത്തോവര്‍ എറിഞ്ഞ് വിക്കറ്റൊന്നും നേടിയില്ല എന്ന് മാത്രമല്ല 70 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. പാക് ടീം പേസര്‍മാരെ വച്ചാണ് ഇന്ത്യന്‍ ബാറ്റിങിന്റെ നടുവൊടിച്ചത് എന്നതിനാല്‍ ഒരു പക്ഷേ അശ്വിന് പകരം മികവില്‍ നില്‍ക്കുന്ന ഉമേഷ് യാദവിന് അവസരം നല്‍കിയിരുന്നെങ്കില്‍ കളിയുടെ ഗതി മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുവരെ ക്ലിനിക്കല്‍ പോരാട്ടങ്ങളിലൂടെ മികച്ച വിജയങ്ങള്‍ സ്വന്തമാക്കി കിരീടം നിലനിര്‍ത്താനിറങ്ങിയ ഇന്ത്യക്ക് ഫൈനലില്‍ ആ പ്രകടനങ്ങളുടെ നിഴല്‍ പോലും ആകാന്‍ സാധിക്കാതെ പോയത് അവിശ്വസനീയ കാഴ്ചയായിരുന്നു. പുറത്ത് കാണാതിരുന്ന ദൗര്‍ബല്യങ്ങളെല്ലാം പാകിസ്താന്‍ എടുത്ത് പുറത്തേക്കിട്ടപ്പോള്‍ ഇന്ത്യന്‍ സംഘം മൈതാനത്ത് ഹതാശരായി.
ടൂര്‍ണമെന്റിനെത്തുമ്പോള്‍ എട്ടാം റാങ്കിലായിരുന്നു പാകിസ്താന്‍. ആരും അവര്‍ക്ക് കിരീടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ നഷ്ടപ്പെടാനൊന്നുമില്ലെന്ന തിരിച്ചറിവ് ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിലെ തോല്‍വിയോടെ പാകിസ്താന്‍ ശരിക്കും ഉള്‍ക്കൊള്ളുകയായിരുന്നു. തിരിഞ്ഞു നോട്ടമില്ലാത്ത പ്രയാണത്തിനാണ് പാക് ടീം രണ്ടാം മത്സരത്തിലെ വിജയത്തോടെ തുടക്കമിട്ടത്. ബാറ്റിങിലും ബൗളിങിലും എതിരാളിക്ക് പഴുതനുവദിക്കാതെയുള്ള മികവാണ് അവര്‍ മൈതാനത്ത് പുറത്തെടുത്തത്. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, ഇന്ത്യ ഏകദിന ക്രിക്കറ്റിലെ കരുത്തുറ്റ ടീമുകളെ വീഴ്ത്തി അവര്‍ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലിലേക്കുള്ള കന്നി പ്രവേശം കിരീട നേട്ടത്തോടെ തന്നെ ആഘോഷിക്കുകയും ചെയ്തു. 2009ല്‍ ടി20 ലോകകപ്പ് നേടിയ ശേഷം ഒരു അന്താരാഷ്ട്ര കിരീടം നേട്ടമെന്ന സ്വപ്നത്തിനും സാക്ഷാത്കാരമായി.
യുവ താരങ്ങളുടെ കരുത്താണ് പാകിസ്താന്റെ വിജയത്തില്‍ നിര്‍ണായകമായി നിന്നത്. താരങ്ങളെ പൊരുതാവുന്ന സംഘമാക്കി മാറ്റി മുന്നില്‍ നിന്ന നയിച്ച വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദിനും ഫുള്‍ മാര്‍ക്ക്. വെറ്ററന്‍ ഓപണര്‍ അസ്ഹര്‍ അലിയെ നായക സ്ഥാനത്ത് നിന്ന് മാറ്റി സര്‍ഫ്രാസിനെ ക്യാപ്റ്റനാക്കി അവരോധിച്ച പാക് ക്രിക്കറ്റ് അധികൃതരുടെ തീരുമാനം ശരിയായി വന്നു. ടൂര്‍ണമെന്റിന്റെ താരമായി മാറിയ ഹസന്‍ അലിയുടെ പ്രകടനമാണ് പാക് ടീമിന്റെ വിജയങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന മറ്റൊരു ഘടകം.
ഇന്ത്യക്കെതിരായ ആദ്യ മത്സരത്തില്‍ ഒറ്റ വിക്കറ്റ് മാത്രം നേടിയ താരം പിന്നീട് തന്റെ പ്രധാന ആയുധമായ ഇന്‍സ്വിങറുകള്‍ കൊണ്ട് എതിര്‍ ബാറ്റിങ് നിരയെ വട്ടംകറക്കി. പിന്നീട് കളിച്ച എല്ലാ മത്സരങ്ങളിലും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്താനും ഹസന്‍ അലിക്ക് കഴിഞ്ഞു. ഫൈനലില്‍ ഇന്ത്യയുടെ ആദ്യ മൂന്ന് വിക്കറ്റുകള്‍ ക്ഷണത്തില്‍ വീഴ്ത്തി കളിയില്‍ പാകിസ്താന് വ്യക്തമായ ആധിപത്യം സമ്മാനിച്ച മുഹമ്മദ് ആമിറിന്റെ പ്രകടനവും ശ്രദ്ധേയമായി. ഏകദിനത്തിലെ കന്നി സെഞ്ച്വറി ഫൈനലില്‍ തന്നെ നേടി പാക് ബാറ്റിങിന്റെ നട്ടെല്ലായി നിന്ന ഫഖര്‍ സമാന്‍ പാക് ബാറ്റിങിന്റെ ഭാവി സുരക്ഷിതമാണെന്നും തെളിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *