ചൈനീസ് കമ്പനികള്‍ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കിയ സംഭാവന മുഴുവന്‍ കേന്ദ്രം തിരിച്ചുകൊടുക്കണം: അമരീന്ദര്‍ സിംഗ്


പി.എം കെയര്‍ ഫണ്ടിലേക്ക് ചൈനീസ് കമ്പനികള്‍ നല്‍കിയ സംഭാവന മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുകൊടുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. അവര്‍ നമ്മുടെ സൈനികരെ കൊല്ലുമ്പോള്‍ അവരുടെ പണം സ്വീകരിക്കരുത്. അത് എത്ര വലിയ തുക ആണെങ്കിലും തിരിച്ചുകൊടുക്കണമെന്ന് അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.


ഇന്ത്യയിലേക്ക് ചൈന കടന്നുകയറിയിട്ടില്ലെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. എന്നാല്‍ വസ്തുതകള്‍ ജനങ്ങളുടെ മുന്‍പിലുണ്ട്. ചൈന നിരന്തരം നമ്മളെ ബുദ്ധിമുട്ടിക്കുകയാണ്. ചൈനയും പാകിസ്ഥാനും ഇന്ത്യയിലേക്ക് കടന്നുകയറാന്‍ പര്യാപ്തമായ ഒരു അവസരവും പാഴാക്കുന്നില്ല. ചൈനയോട് കര്‍ശന സമീപനം പുലര്‍ത്താന്‍ കേന്ദ്രം തയ്യാറാകണമെന്നും അമരീന്ദര്‍ ആവശ്യപ്പെട്ടു.


കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രധാനമന്ത്രി പി.എം കെയര്‍ ഫണ്ട് രൂപീകരിച്ചത്. മാര്‍ച്ചിലായിരുന്നു ഇത്. പിഎം ഫണ്ടിലേക്ക് ചൈനീസ് കമ്പനികള്‍ പണം സംഭാവന നല്‍കിയതായി കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

ചൈനീസ് ആക്രമണം നടന്നുകൊണ്ടിരിക്കേ തന്നെ ചൈനീസ് കമ്പനികളുടെ പണം പി.എം കെയര്‍ ഫണ്ടിലേക്ക് സ്വീകരിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‍വി ആരോപിച്ചു. ചൈനീസ് കമ്പനിയായ ഹ്യുവൈയില്‍ നിന്നും 7 കോടി രൂപ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സ്വീകരിച്ചു. ഹ്യുവൈയ്ക്ക് ചൈനീസ് സൈന്യവുമായി ബന്ധമില്ലേയെന്ന് മനു അഭിഷേക് സിങ്‍വി ചോദിച്ചു.



Sharing is Caring