ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യയുടെ സൈനികനീക്കം; സേനാവിന്യാസം ശക്തമാക്കി ചൈനയും

സിക്കിമിലെ അതിര്‍ത്തിത്തര്‍ക്കത്തെത്തുടര്‍ന്ന് ഇന്ത്യ-ചൈന ബന്ധം വഷളായ സാഹചര്യത്തില്‍ അതിര്‍ത്തിയിലേക്ക് ഇന്ത്യ കൂടുതല്‍ സൈനികരെ അയച്ചു.മൂവായിരം സൈനികരെ ഇന്ത്യ അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സിക്കിമിലെ ഡോങ്ലാങ് മേഖലയിലെ ഇന്ത്യന്‍ ബങ്കറുകള്‍ ചൈന തകര്‍ത്ത സാഹചര്യത്തില്‍ ഡോങ്ലാങ് മേഖലയിലേക്കാണ് ഇന്ത്യ സൈനികരെ അയച്ചത്. അതേസമയം ഇതേ മേഖലയില്‍ ചൈനയും സൈനിക വിന്യാസം വര്‍ദ്ധിപ്പിക്കുന്നതായാണ് വിവരം.

1962 ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാകുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സംഘര്‍ഷാന്തരീക്ഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.യുദ്ധത്തിന് സജ്ജമല്ലാത്ത നോണ്‍ കോംബാറ്റീവ് മോദിലാണ് സൈനികര്‍ ഡോങ്ലാങ് ലക്ഷ്യമാക്കി നീങ്ങുന്നത്. തോക്കിന്‍ കുഴല്‍ താഴേക്ക് തിരിച്ചു പിടിച്ചു കൊണ്ട് മുന്നോട്ടു പോവുന്നതാണ് നോണ്‍ കോംബാറ്റീവ് മോഡ്.

ഡോങ്ലാങില്‍ 2012ല്‍ ഇന്ത്യ നിര്‍മ്മിച്ച രണ്ട് ബങ്കറുകള്‍ നീക്കം ചെയ്യണമെന്ന് ജൂണ്‍ ഒന്നിന് ചൈന ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഭൂട്ടാന്‍ ചൈന രാജ്യങ്ങള്‍ സന്ധിക്കുന്ന മേഖലയിലാണ് ഈ ബങ്കറുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ചൈനയുടേതാണെന്നും ഇന്ത്യക്കും ഭൂട്ടാനും ഇതില്‍ അവകാശമില്ലെന്നുമാണ് ചൈനയുടെ അവകാശ വാദം.ഇതിന് വഴങ്ങാതിരുന്നതിനാലാണ് ഇന്ത്യയുടെ ബങ്കറുകള്‍ ചൈന ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ത്തത്.
അതിനുശേഷം ചൈനയുടെ തുടര്‍മുന്നേറ്റങ്ങള്‍ ഇന്ത്യ തടഞ്ഞിരുന്നു. അഭിപ്രായ അനൈക്യമുള്ളതിനാല്‍ പ്രതിരോധം ശക്തിപ്പെടുത്താനാണ് ഇന്ത്യ സേനയെ പ്രദേശത്തേക്ക് അയക്കുന്നത്.

ഗാങ്ങ്ടോക്ക് ആസ്ഥാനമായ 17 മൗണ്ടന്‍ ഡിവിഷന്‍, കാലിംപോങ്ങ് ആസ്ഥാനമായ 27 മൗണ്ടന്‍ ഡിവിഷന്‍ യൂണിറ്റുകളിലെ സൈനികരെയാണ് ഇന്ത്യ വിന്യസിച്ചത്. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം രണ്ട് സൈനിക യൂണിറ്റുകളുടെയും ആസ്ഥാനത്തെത്തി സൈനികരെ കണ്ടിരുന്നു. ഇതിനു ശേഷമാണ് നടപടി.
ഇന്ത്യ, ഭൂട്ടാന്‍, ചൈന രാജ്യങ്ങള്‍ സംഗമിക്കുന്ന ട്രൈ ജംക്ഷനില്‍ വരുന്ന മേഖലയില്‍ ചൈന തുടങ്ങിയ റോഡ് നിര്‍മ്മാണമാണ് സംഘര്‍ഷം രൂക്ഷമാക്കിയത്. ഇതിനെതിരെ ഇന്ത്യ, ഭൂട്ടാന്‍ സൈന്യങ്ങള്‍ രംഗത്തെത്തി. ഇവര്‍ പ്രവൃത്തി തടഞ്ഞു. ഇതോടെ, ഇന്ത്യ അതിര്‍ത്തി ലംഘിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച്‌ ചൈന നാഥുല ചുരം വഴിയുള്ള കൈലാസ് മാനസ സരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞു. ഇതിനു പിന്നാലെ, ഇന്ത്യ ഈ മേഖലയിലൂടെയുള്ള കൈലാസ യാത്ര റദ്ദാക്കി. അതിനിടെ, കഴിഞ്ഞ ദിവസം മേഖല സന്ദര്‍ശിച്ച കരസേന മേധാവി ചൈനീസ് ഭീഷണി നേരിടാന്‍ ഇന്ത്യ സജ്ജമെന്നും പ്രഖ്യാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *