ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു; ജലനിരപ്പ് 2400.94 അടിയിലെത്തി, റെഡ് അലേര്‍ട്ട്


ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ചെറുതോണി ഡാമിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നുവിട്ടു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഷട്ടറുകളും ഉയര്‍ത്തിയത്. 40 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. നിലവില്‍ 2400.94 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. 2403 അടിയായാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി


അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കെഎസ്‌ഇബി ഇന്നലെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴ ശമിക്കാത്ത സാഹചര്യത്തില്‍ വ്യാഴാഴ്ച വൈകിട്ട് 4.30ന് അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്ന ട്രയല്‍ റണ്‍ തുടരുകയായിരുന്നു.


ചെറുതോണിയില്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളം വലിയ രീതിയില്‍ ചെറുതോണി ടൗണിലെത്തുകയാണ്. പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ കൂടുതല്‍ പേരെ മാറ്റിപാര്‍പ്പിക്കും.



Sharing is Caring