തമിഴ്‌നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള ദുരിതം തുടരുന്നു. കനത്ത മഴക്ക് ശമനമായെങ്കിലും പ്രളയത്തില്‍ നാടും നഗരവും മുങ്ങിയതോടെ ഭക്ഷണവും വെള്ളവുമില്ലാതെ ആയിരങ്ങള്‍ ദുരിതക്കടലിലാണ്. 269 പേര്‍ ഇതുവരെ മരിച്ചതായാണ് കണക്ക്. ഇന്ന് രാവിലെ വീണ്ടും മഴയെത്തിയത് ആശങ്കയ്ക്കിടയാക്കിയെങ്കിലും കൂടുതല്‍ ശക്തമാകാതെ മഴ ശമിച്ചത് ആശ്വാസമായി. നദികള്‍ അപകടകരമായ രീതീയില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഇലക്ട്രിക്, വാര്‍ത്താവിനിമയ ബന്ധങ്ങളും റോഡ്, റെയില്‍, വ്യോമ ഗതാഗതവും താറുമാറായി. അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി നാവികസേനയുടെ ഐ എന്‍ എസ് എയര്‍വാറ്റ് ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 20 നീന്തല്‍വിധഗ്ധരും 15 ബോട്ടുകളും ഈ കപ്പലിലുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ചെന്നൈയിലെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി 1000 കോടിയുടെ കേന്ദ്ര ധനസഹായം പ്രഖ്യാപിച്ചു. നേരത്തെ നല്‍കിയ 940 കോടിക്കു പുറമേയാണിത്.













