ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ പത്രിക സമര്‍പ്പിച്ചു


ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ആര്‍ഡിഒ എംവി സുരേഷ് കുമാര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. വിജയകുമാറിന് വേണ്ടി രണ്ട് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്.


കൊടിക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കെഎന്‍ വിശ്വനാഥന്‍, ജനറല്‍ കണ്‍വീനര്‍ എബി കുര്യാക്കോസ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഇവൈഎം ഹനീഫ മൈലവി എന്നിവര്‍ക്കൊപ്പം പ്രകടനമായെത്തിയാണ് വിജയകുമാര്‍ പത്രിക സമര്‍പ്പിച്ചത്.


ചെങ്ങന്നൂര്‍ കാര്‍ഷിക വികസന ബാങ്കിലെ പ്രസിഡന്റ് കൂടിയായ ഡി വിജയകുമാറിന് ബാങ്കിലെ ഭരണസമിതി അംഗങ്ങളാണ് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ള ഉച്ചയ്ക്ക് രണ്ട് മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മെയ് എട്ടിനാണ് പത്രിക സമര്‍പ്പിക്കുന്നത്.



Sharing is Caring