ചെഗുവേരയുടെ ചിത്രങ്ങള്‍ ഡിവൈഎഫ്‌ഐ എടുത്തുമാറ്റണം: എ.എന്‍. രാധാകൃഷ്ണന്‍

ഹോം » വാര്‍ത്ത » കേരളം »
ചെഗുവേരയുടെ ചിത്രങ്ങള്‍ ഡിവൈഎഫ്‌ഐ എടുത്തുമാറ്റണം: എ.എന്‍. രാധാകൃഷ്ണന്‍
വെബ് ഡെസ്‌ക്
January 9, 2017

കോഴിക്കോട്: ഡിവൈഎഫ്‌ഐ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ നിന്ന് ചെഗുവേരയുടെ ചിത്രം എടുത്തുമാറ്റണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളായിരുന്നു ചെഗുവേര. ഫിഡല്‍ കാസ്‌ട്രോയുടെ ഭരണകാലത്ത് കബാന എന്ന ജയിലിന്റെ ചുമതല കുറഞ്ഞ കാലത്തേക്ക് ചെഗുവേരയ്ക്ക് നല്‍കിയിരുന്നു.

ഈ കാലത്ത് ചെഗുവേര നടത്തിയ കൊലപാതക പരമ്പര ലോകത്തെ ഞെട്ടിച്ചതാണ്. കറുത്തവര്‍ഗക്കാരെയും ക്രിസ്ത്യന്‍ പുരോഹിതരെയും ക്രൂരമായ രീതിയിലാണ് ചെഗുവേര കൊലപ്പെടുത്തിയത്. ചെഗുവേരയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേരള സമൂഹത്തില്‍ ചര്‍ച്ച നടക്കണം. ചെഗുവേരയ്ക്ക് പ്രത്യേക പരിവേഷം നല്‍കാനുള്ള ശ്രമമാണ് ഡിവൈഎഫ്‌ഐ നടത്തുന്നത്.

മഹാത്മാഗാന്ധിയുടെയും സ്വാമി വിവേകാനന്ദന്റെയും ഒപ്പം ചെഗുവേരയുടെ ചിത്രം വയ്ക്കുന്നത് ശരിയല്ല. യുവാക്കള്‍ക്കിടയില്‍ അരാജകത്വത്തിന്റെ വിത്ത് പാകുന്നതിന് മാത്രമേ ചെഗുവേരയുടെ ചിത്രം കൊണ്ട് സാധിക്കൂ. പരിഷ്‌കൃത സമൂഹത്തിന് ചെഗുവേരയെ അംഗീകരിക്കാനാവില്ലെന്നും ചെഗുവേരയ്ക്ക് പകരം സിപിഎം നേതാക്കളുടെ ചിത്രങ്ങളാണ് ഡിവൈഎഫ്‌ഐക്കാര്‍ സ്ഥാപിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ഉത്തരമേഖല പ്രചരണ യാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. ബിജെപി സംസ്ഥാന സെക്രട്ടറി എ. സജീവന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *