ഐ.എ.എസുകാര്‍ക്കെതിരേ മുഖ്യമന്ത്രി; സമരത്തിന് ന്യായീകരണമില്ല

ഐ.എ.എസ് അസോസിയേഷന്‍ പ്രഖ്യാപിച്ച സമരത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇന്ന് കൂട്ട അവധിക്ക് അപേക്ഷിച്ചിരുന്നു. ഇത്തരമൊരു സമരരൂപത്തിന് യാതൊരു ന്യായീകരണവുമില്ല. ഒരൂ കൂട്ടം ഐ.എ.എസുകാര്‍ യോഗം ചേര്‍ന്ന് സമരം തുടങ്ങിയതിനെ സര്‍ക്കാര്‍ യാതൊരു തരത്തിലും അനുകൂലിക്കുന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.

സമരത്തെ ഗൗരവത്തില്‍ തന്നെയാണ് കാണുന്നതെന്നും എന്നാല്‍, സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും ഐ.എ.എസുകാരുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കു നേരെയുള്ള അന്വേഷണത്തെ എതിര്‍ക്കേണ്ട ആവശ്യമില്ല. ഇതിനു മുമ്പും സംസ്ഥാനത്ത് അന്വേഷണം നടന്നിട്ടുണ്ട്. അതിനാല്‍ നിയമത്തെ നിയമത്തിലൂടെയാണ് നേരിടേണ്ടതെന്നും ഇത്തരമൊരു സമരത്തിലൂടെ സര്‍ക്കാരിനെ വഴിപ്പെടുത്താമെന്ന് നോക്കണ്ടയെന്നും ചര്‍ച്ചയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.

ഐ.എ.എസുകാര്‍ക്കെതിരേയുള്ള വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് ഐ.എ.എസ് അസോസിയേഷന്‍ ഇന്ന് കൂട്ട അവധിക്ക് പ്രഖ്യാപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *