ചരിത്രമെഴുതി മിരാബായ് ചാനു; ലോക ഭാരോദ്വഹന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സുവര്‍ണത്തിളക്കം

22 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക ഭാരോദ്വഹന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സുവര്‍ണത്തിളക്കം. കര്‍ണം മല്ലേശ്വരിക്ക് ശേഷം ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന താരമായി ഇന്ത്യയുടെ സൈഖോം മിരാബായ് ചാനു മാറി. 48 കിലോ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങി പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ചാനുവിന്റെ നേട്ടം. സ്‌നാച്ചില്‍ 85 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍കില്‍ 109 കിലോ ഭാരമുയര്‍ത്തിയുമാണ് ചാനു സ്വര്‍ണ മെഡലില്‍ മുത്തമിട്ടത്. 1994, 1995 വര്‍ഷങ്ങളില്‍ കര്‍ണം മല്ലേശ്വരി രണ്ട് തവണ ലോക ചാംപ്യന്‍ഷിപ്പില്‍ സുവര്‍ണ ജേത്രിയായിരുന്നു. അതിന് ശേഷം മറ്റൊരു ഇന്ത്യന്‍ താരം നേട്ടത്തിലെത്തുന്നത് ആദ്യമാണ്. തായ്‌ലന്‍ഡ് താരം സുക്ചരോണ്‍ തുന്യ 193 കിലോ ഉയര്‍ത്തി വെള്ളിയും കൊളംബിയന്‍ താരം സെഗുര അന ഐറിസ് 182 കിലോ ഉയര്‍ത്തി വെങ്കലവും നേടി. ക്ലീന്‍ ആന്‍ഡ് ജര്‍കില്‍ 104 കിലോ ഉയര്‍ത്തിയ ഇന്ത്യന്‍ താരം പിന്നീട് 106 കിലോ ഉയര്‍ത്താനുള്ള രണ്ട് ശ്രമത്തിലും പരാജയപ്പെട്ടു. സ്‌നാച്ചില്‍ മൂന്ന് അവസരങ്ങളില്‍ ആദ്യ ശ്രമത്തില്‍ 82 കിലോ ഉയര്‍ത്തിയ താരം രണ്ടാം ശ്രമത്തില്‍ 85 കിലോ ഉയര്‍ത്തിയാണ് സുവര്‍ണ നേട്ടത്തിലേക്ക് കുതിച്ചത്.
റിയോ ഒളിംപിക്‌സില്‍ നിരാശാജനകമായ പ്രകടനം നടത്തി തല താഴ്ത്തി മടങ്ങേണ്ടി വന്ന 23കാരിയായ ചാനു ലോക വേദിയില്‍ തന്റെ മികവ് അടയാളപ്പെടുത്തിയാണ് താരമായത്. കഴിഞ്ഞ വര്‍ഷം നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ചാനു 2014ല്‍ അരങ്ങേറിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി സ്വന്തമാക്കിയിരുന്നു. നേരത്തെ സൗത്ത് ഏഷ്യന്‍ ജൂനിയര്‍ ഗെയിംസിലും സുവര്‍ണ താരമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *