ചരിത്രത്തിലേക്കൊരു തെരഞ്ഞെടുപ്പ്; തന്ത്രങ്ങളുമായി ആമസോണ്‍

തൊഴിലാളി സമരചരിത്രത്തിലെ പുതിയൊരേട് രചിക്കുകയാണ് ആമസോണ്‍ സംഭരണശാലയിലെ തൊഴിലാളികള്‍. മുതലാളിത്ത സാമ്പത്തിക പശ്ചാത്തലമുള്ള അമേരിക്കന്‍ എക്യനാടുകളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനൊരുങ്ങി നില്‍ക്കുകയാണ് ആമസോണ്‍ സംഭരണശാലയിലെ തൊഴിലാളികള്‍. ടെക് ഭീമനായ ആമസോണിന്റെ ബെസമീര്‍, അലബാമ എന്നിവിടങ്ങളിലെ സംഭരണശാലകളിലാണ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുക. ആമസോണ്‍ അനധികൃത ഇടപെടല്‍ നടത്തിയെന്ന യുഎസ് ലേബര്‍ കമ്മീഷന്റെ കണ്ടെത്തലിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നടത്തിയ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.മാര്‍ച്ച് നാലിനു തുടങ്ങുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം 28 നാണ്. റീട്ടെയില്‍, ഹോള്‍സെയില്‍, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ യൂണിയന്‍ പ്രതിനിധികള്‍ക്കായുള്ള തെരഞ്ഞെടുപ്പില്‍ 6,100 ലധികം തൊഴിലാളികള്‍ക്ക് വോട്ട് രേഖപ്പെടുത്തും. ഈ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന പകുതിയോളം തൊഴിലാളികളും ആദ്യ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആമസോണില്‍ ജോലി ചെയ്തിരുന്നില്ല. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡിലുള്ള ജെഎഫ്‌കെ 8, എല്‍ഡിജെ എന്നീ മറ്റ് രണ്ട് ആമസോണ്‍ സംഭരണശാലകള്‍ നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡില്‍ (എന്‍എല്‍ആര്‍ബി) യൂണിയന്‍ തെരഞ്ഞെടുപ്പിനായുള്ള അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് തീയതികള്‍ എന്‍എല്‍ആര്‍ബി റീജിയണല്‍ ഡയറക്ടര്‍ നിശ്ചയിച്ചിട്ടില്ല. യൂണിയന്‍ രൂപീകരണത്തിനെതിരെ സ്റ്റാര്‍ബക്‌സ്, ടാര്‍ഗറ്റ് എന്നിവരുള്‍പ്പെടുന്ന യുഎസിലെ വന്‍കിട തൊഴില്‍ദാതാക്കള്‍ എതിര്‍പ്പുകളുന്നയിക്കുന്ന സാഹചര്യത്തിലാണ് ആഗോള ടെക് ഭീമനായ ആമസോണില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയായാല്‍ യുഎസില്‍ യൂണിയന്‍ രൂപീകരണം നടക്കുന്ന ആദ്യ ആമസോണ്‍ സ്ഥാപനമായിരിക്കും ബെസമീറിലേയും അലബാമയിലേയും സംഭരണശാലകള്‍. തെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ ആമസോണ്‍ ശ്രമിക്കുന്നുണ്ടെന്നും തൊഴിലാളികള്‍ ആരോപിക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് അസാധുവാക്കാന്‍ ആദ്യഘട്ടത്തില്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ കമ്പനി അധികൃതര്‍ വീണ്ടും പ്രയോഗിക്കുകയാണെന്നും സംഘടനകള്‍ പറയുന്നു. ആദ്യ തെരഞ്ഞെടുപ്പിലെ ആമസോണിന്റെ യൂണിയന്‍ വിരുദ്ധ പ്രചാരണം പല തൊഴിലാളികളെയും ആശയക്കുഴപ്പത്തിലാക്കുകയോ വോട്ട് ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയോ യൂണിയനെതിരെ വോട്ടുചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയോ ചെയ്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മെച്ചപ്പെട്ട വേതനം, മികച്ച പ്രമോഷന്‍ അവസരങ്ങള്‍, തൊഴിലാളികളോടുള്ള മാനേജ്മെന്റിന്റെ മാന്യമായ പെരുമാറ്റം എന്നിവയാണ് യൂണിയന്‍ രൂപീകരണത്തിലൂടെ തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്.കൊവിഡ് വ്യാപന സമയത്ത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ പോലും നിഷേധിച്ച് തൊഴിലാളികളെ കമ്പനി ചൂഷണം ചെയ്തു. തൊഴിലാളികള്‍ക്കിടയില്‍ രോഗബാധ വര്‍ധിച്ചതോടെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ നേതൃത്വത്തില്‍ കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തൊഴിലാളികളെ ഭീഷണിപ്പെടുത്തില്ലെന്നും സംഭരണശാലയ്ക്ക് പുറത്ത് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളെ തടയുന്നതിനായി പൊലീസ് സഹായം തേടില്ലെന്നും ആമസോണ്‍ എന്‍എല്‍ആര്‍ബിയുമായി ധാരണയിലെത്തിയിട്ടുണ്ട്. ആമസോണ്‍ ധാരണ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍, എന്‍എല്‍ആര്‍ബിക്ക് കമ്പനിക്കെതിരെ കേസെടുക്കാം. യുഎസിലെ തൊഴില്‍ ദാതാക്കള്‍ യൂണിയന്‍ വിരുദ്ധ നയങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *