ചത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍ ഉപേക്ഷിച്ച്‌ ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നു

റായ്പുര്‍: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കെതിരെ ചത്തീസ്ഗഢ് സര്‍ക്കാരിന്റെ നിര്‍ണായ നീക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ചത്തീസ്ഗഢ് സര്‍ക്കാര്‍ തീരുമാനിച്ചു.ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപേക്ഷിച്ചാണ് ബാലറ്റ്‌പേപ്പര്‍ ഉപയോഗിച്ച്‌ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബറിലാണ് തിരഞ്ഞെടുപ്പ്.

കൃത്രിമം നടക്കുന്നുണ്ടെന്നും ഇ.വി.എമ്മുകള്‍ക്ക് വിശ്വാസ്യതയില്ലെന്നുമുള്ള കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്കിടെയാണ് ചത്തീസ്ഗഢ് സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം.
അതേ സമയം ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോകാനാവില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വലുള്ള മന്ത്രിസഭ അംഗീകരിച്ചു.മേയര്‍, ചെയര്‍പേഴ്‌സണ്‍ സീറ്റുകളിലേക്ക് പരോക്ഷ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള നിയമഭേദഗതി നടത്താന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും.
ഇതിനിടെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായി തദ്ദേശ തിരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്ന ഭയമാണ് കോണ്‍ഗ്രസിനെന്നും പ്രതിപക്ഷ നേതാവ് ധര്‍മലാല്‍ കൗശിക് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *