ഗൗരി വധം: അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്


കൊലയാളി രണ്ടു തവണ വീടിനു സമീപം നിരീക്ഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്


 


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഗൗരിയുടെ കൊലയാളി രണ്ടു തവണ അവരുടെ വസതിയ്ക്ക് സമീപം നീരീക്ഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂട്ടറില്‍ വന്ന ഇയാള്‍ വെള്ള ഷര്‍ട്ടും കറുത്ത ഹെല്‍മറ്റുമാണ് ധരിച്ചിരിക്കുന്നത്.

ഗൗരി വധിക്കപ്പെടുന്ന അന്ന് വൈകീട്ട് മൂന്നു മണിയ്ക്കും, സന്ധ്യയ്ക്ക് ഏഴു മണിയ്ക്കുമാണ് ഇയാള്‍ ഗൗരിയുടെ വസതിയില്‍ പരിസര നിരീക്ഷണത്തിനെത്തിയത്. ഗൗരിയുടെ വസതിയ്ക്ക് മുന്നിലൂടെ പോയ ഇയാള്‍, കുറച്ചുദൂരത്തിന് ശേഷം യു ടേണെടുത്ത് തിരിച്ചുപോയതായി സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി . ഏഴു മണിയ്ക്കും സമാന രീതിയില്‍ രംഗനിരീക്ഷണം നടത്തിയിരുന്നു.

തുടര്‍ന്ന് 8.05 ഓടെ സ്ഥലത്തെത്തിയ കൊലയാളി, കാര്‍ അകത്തേക്ക് കയറ്റാനായി ഗേറ്റ് തുറക്കാനെത്തിയ ഗൗരി ലങ്കേഷിന്റെ അടുത്തെത്തുകയും, തുടര്‍ന്ന് ഗൗരിയ്ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. മൂന്നു തവണയാണ് ഗൗരിയ്ക്ക് നേരെ കൊലയാളി വെടിയുതിര്‍ത്തത്. വെടിയേറ്റ ഗൗരി ലങ്കേഷ് സെക്കന്‍ഡുകള്‍ക്കകം കുഴഞ്ഞുവീണു. ഏതാനും നിമിഷങ്ങള്‍ക്കകം ഒരു കേബിള്‍ ഓപ്പറേറ്റര്‍ ഈ വഴിയിലൂടെ പോകുന്ന ദൃശ്യവും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

സി.സി.ടി.വിദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗൗരിയ്ക്ക് ഏതെല്ലാം ഭാഗത്തു നിന്നാണ് ഭീഷണി ഉണ്ടായിരുന്നത് എന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം വിശദമായി വിലയിരുത്തി വരികയാണ്. ഈ മാസം അഞ്ചിനാണ് ഗൗരി ലങ്കേഷ് വീടിനു മുന്നില്‍ വെടിയേറ്റ് മരിച്ചത്.



Sharing is Caring