ഗോവ ബിജെപിയില്‍ അഴിച്ചുപണി ആവശ്യമാണ്; കാര്യപ്രാപ്തിയില്ലാത്ത അധ്യക്ഷന്‍ രാജിവെക്കണം; ലക്ഷ്മി കാന്ത് പര്‍സേക്കര്‍

മഡ്ഗാവ്: ബിജെപി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിനയ് തെണ്ടുല്‍ക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ രംഗത്ത്. ‘സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയാത്ത കാര്യപ്രാപ്തിയില്ലാത്ത അധ്യക്ഷന്‍ രാജിവെക്കണമെന്നും. അല്ലെങ്കില്‍ അദ്ദേഹത്തെ നീക്കാന്‍ കേന്ദ്ര നേതൃത്വം തയ്യാറാകണമെന്നുമാണ് പര്‍സേക്കര്‍ പരസ്യമായി ആവശ്യപ്പെട്ടത്. പാര്‍ട്ടി താത്പര്യത്തെ മുന്‍നിര്‍ത്തിയാണ് താന്‍ ഇക്കാര്യം പറയുന്നത്. അല്ലാതെ വ്യക്തി വിരോധം കൊണ്ടല്ല. അദ്ദേഹം വെറുംപാവയാണ്. തീരുമാനമെടുക്കാനുള്ള ശേഷിയില്ല. അദ്ദേഹത്തിന്റെ കീഴിലുള്ള പാര്‍ട്ടി സംവിധാനം ഒന്നാകെ അഴിച്ചുപണിയണം’പര്‍സേക്കര്‍ വ്യക്തമാക്കി.

മുന്‍ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു പര്‍സേക്കറുടെ പ്രതികരണം. അനാരോഗ്യം പറഞ്ഞ് ഒഴിവാക്കിയതില്‍ ഗോവ ബിജെപിയിലെ ന്യൂനപക്ഷ മുഖമായിരുന്ന ഡിസൂസ നേതൃത്വത്തോട് നീരസത്തിലാണ്.

സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നീങ്ങുന്നതിനിടെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ വിശ്വജിത് റാണെയുടെ നേതൃത്വത്തില്‍ രാജിവെപ്പിച്ച് ബിജെപി പാളയത്തിലെത്തിച്ചിരുന്നു. ഇവരില്‍ ദയാനന്ദ് സോപ്റ്റയെ മാണ്ഡരിം മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള ബിജെപി നീക്കമാണ് പര്‍സേക്കറുടെ നേതൃത്വത്തിലുള്ളവരുടെ കലാപത്തിന് പിന്നിലെന്നാണ് സൂചന.

കഴിഞ്ഞയാഴ്ച ഗോവ പിസിസി പ്രസിഡന്റ് ഗിരീഷ് ചോഡങ്കറുമായി പര്‍സേക്കര്‍ കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിരുന്നു. അടിച്ചിട്ട മുറിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പര്‍സേക്കറെ സ്ഥാനാര്‍ഥിയാക്കാമെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ടുവെച്ചതായി റിപ്പോര്‍ട്ടുണ്ട്. മത്സരിക്കാന്‍ തയ്യാറല്ലെങ്കില്‍ സോപ്റ്റയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ സഹായം തേടിയതായും സൂചനയുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡരിം സീറ്റില്‍ ദയാനന്ദ് സോപ്റ്റയോടാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന പര്‍സേക്കര്‍ പരാജയപ്പെട്ടത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ താന്‍ നിലപാട് പ്രഖ്യാപിക്കുമെന്നാണ് പര്‍സേക്കര്‍ പറയുന്നത്. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ ശക്തികളെ ഒരുമിപ്പിച്ച് സോപ്റ്റയ്‌ക്കെതിരെ അണിനിരത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഗിരീഷ് ചോദങ്കര്‍ പറഞ്ഞു.

2014-17 കാലത്ത് മുഖ്യമന്ത്രിയായിരുന്ന പര്‍സേക്കര്‍ പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിരുന്നെങ്കിലും അന്ന് പ്രതിരോധമന്ത്രിയായിരുന്ന പരീക്കറെ രംഗത്തിറക്കി ചെറുകക്ഷികളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *