നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയെ പൊലീസ് ഒളിപ്പിച്ചിരിക്കുകയാണെന്ന് സനലിന്റെ അമ്മ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയെ പൊലീസ് ഒളിപ്പിച്ചിരിക്കുകയാണെന്ന് സനലിന്റെ അമ്മ രമണി. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാനായിട്ടില്ല. പ്രതിയെ പിടികൂടിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുമെന്നും രമണി പറഞ്ഞു.

അതേസമയം നെയ്യാറ്റിന്‍കര കൊലപാതകം അപകട മരണമാക്കാന്‍ ശ്രമം നടന്നതായി സനലിന്റെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെച്ചാണ് പൊലീസ് നീക്കം നടത്തിയത്. പൊലീസ് ആശുപത്രിയില്‍ പറഞ്ഞത് റോഡ് മുറിച്ചു കടക്കുമ്പോള്‍ ഉണ്ടായ അപകടമാണെന്നാണ്. ആശുപത്രി രേഖകളില്‍ ഇങ്ങനെ എഴുതി ചേര്‍ക്കുകയും ചെയ്തു.

നടന്ന സംഭവങ്ങള്‍ ഡോക്ടറോട് വിശദീകരിച്ചതായി സനലിന്റെ സുഹൃത്ത് പ്രവീണ്‍ പറഞ്ഞു. ഇതിന് ശേഷമാണ് അപകടമെന്നത് മാറ്റി രേഖപ്പെടുത്താന്‍ സാഹചര്യം ഒരുങ്ങിയത്. രംഗം വഷളായപ്പോള്‍ പൊലീസുകാര്‍ സ്ഥലം വിട്ടെന്നും പ്രവീണ്‍ വെളിപ്പെടുത്തി.

സനലിനെയും കൊണ്ട് പൊലീസ് ആശുപത്രിയിലേക്ക് പോയപ്പോള്‍ തന്നെ ഒഴിവാക്കിയെന്ന് മറ്റൊരു സുഹൃത്തായ രഞ്ജു പറഞ്ഞു. ആശുപത്രി രേഖകളില്‍ കൃത്രിമം കാണിക്കാന്‍ പൊലീസ് ശ്രമം നടത്തിയതായും വെളിപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *