മൊകേരിയില്‍ കഴിഞ്ഞമാസം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വട്ടക്കണ്ടി മീത്തല്‍ ശ്രീധരന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. വടകര തഹസില്‍ദാര്‍ കെ.കെ രവീന്ദ്രന്, സയന്റിഫിക് അസിസ്റ്റന്റ് കെ.എസ് ശ്രുതിലേഖ, ഡോ. ശശികുമാര്‍ , നാദാപുരം ഡി.വൈ.എസ.്പി വി.കെ രാജു, കുറ്റ്യാടി സി ഐ ടി. സജീവന്, എസ്.ഐ ടി.എസ് ശ്രീജിത്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍. മരണം കൊലപാതകമാണെന്ന സംശയത്തില്‍ പരേതന്റെ ഭാര്യയെയും ഒരു ബംഗാളി യുവാവിനെയും പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 10നാണ് മൊകേരി വട്ടക്കണ്ടി മീത്തല്‍ ശ്രീധരന് വീട്ടില്‍വച്ച് മരണപ്പെട്ടത്. കുഴഞ്ഞുവീണു മരിച്ചു എന്നായിരുന്നു ഇതുസംബന്ധിച്ച് ഭാര്യയും ബന്ധുക്കളും ആശുപത്രിയില്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ശ്രീധരന്റെ ശരീരത്തില്‍ പരുക്കുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം വേണമെന്നും മരണം സ്ഥിരീകരിച്ച ഡോക്റ്റര്‍ നിര്‍ദേശിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ബന്ധുക്കള്‍ ഇക്കാര്യം മുഖവിലക്കെടുത്തില്ല. മരണം സംഭവിച്ച് ഒരു മാസം ആവാനിരിക്കെ സംഭവത്തില്‍ സംശയം ആരോപിച്ച് നാട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതെതുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

ശ്രീധരന്റെ ഭാര്യയും വീടുനിര്‍മാണ ജോലിക്കെത്തിയ ബംഗാളി യുവാവും തമ്മിലുള്ള അവിഹിതമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഭാര്യയും അവരുടെ മാതാവും ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്. ഒളിവിലായിരുന്ന കാമുകനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.













