പഞ്ച്കുല: മാധ്യമപ്രവര്ത്തകന് രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിനും മറ്റു മൂന്നു പേര്‍ക്കും ശിക്ഷ വിധിക്കാനിരിക്കെ പഞ്ച്കുലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സംഭവത്തെ തുടര്‍ന്നു പഞ്ച്കുലയില്‍ സുരക്ഷ വര്‍ധിപ്പിച്ചുവെന്നും പട്രോളിംഗ് ശക്തമാക്കിയെന്നും ഡിസിപി കമല്‍ദീപ് ഗോയല്‍ പറഞ്ഞു. കോടതിയുടെ സമീപത്തു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഗോയല്‍ പറഞ്ഞു.

ഗുര്‍മീത് റാം റഹിം രണ്ട് അനുയായികളെ മാനഭംഗപ്പെടുത്തിയ കേസില്‍ ഇയാള്‍ 20 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ്. 2002 ഒക്ടോബറിലാണു ഛത്രപതി വെടിയേറ്റു മരിച്ചത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന പൂരാ സച്ച് എന്ന പത്രത്തില്‍ ഗുര്‍മീത് റാം റഹിം സിംഗിനെതിരേ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടായിരുന്നു ഛത്രപതിയെ വധിക്കാന്‍ കാരണം.
സിര്‍സയിലെ ദേര ആസ്ഥാനത്ത് സ്ത്രീകളെ റാം റഹിം സിംഗ് ലൈംഗികമായി പീഡിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു റിപ്പോര്‍ട്ട്. 2006 ല്‍ കേസ് സിബിഐക്കു കൈമാറി. കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ റാം റഹിം സിംഗായിരുന്നു.













