ഗുല്‍ബര്‍ഗ റാഗിങ്: അറസ്റ്റിലായ വിദ്യാര്‍ഥിനികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു


ഗുല്‍ബര്‍ഗ കോളജില്‍ മലയാളി വിദ്യാര്‍ഥിനി ക്രൂരമായി റാഗിങിനിരയായ സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ഥിനികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സീനിയര്‍ വിദ്യാര്‍ഥിനികളായ കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്ണപ്രിയ എന്നിവരാണ് ഇന്നലെ വൈകിട്ട് കല്‍ബുര്‍ഗി പൊലിസിന്റെ പിടിയിലായത്. രാത്രിയോടെ തന്നെ പൊലിസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വയറുവേദനയുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കൃഷ്ണപ്രിയയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


അശ്വതിയുടെ റൂം മേറ്റ് സായ് നികിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗുല്‍ബര്‍ഗ പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്. പരാതി അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ കോളജിനെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.


ബെംഗളൂരു ഗുല്‍ബര്‍ഗിലെ അല്‍ ഖമാര്‍ നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ എടപ്പാള്‍ സ്വദേശിനി അശ്വതിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തറവൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിപ്പിച്ചെന്നാണ് കേസ്.



Sharing is Caring