ഗുണ്ടാ-മാഫിയാ ബന്ധം: കാലടി പോലീസ് സ്റ്റേഷനില്‍ കൂട്ടസ്ഥലം മാറ്റം


ഗുണ്ടാ-മാഫിയാ ബന്ധത്തെ തുടര്‍ന്ന് കാലടി പോലീസ് സ്റ്റേഷനിലെ നാല് ഗ്രേഡ് എസ്‌ഐമാര്‍ ഉള്‍പ്പടെ പത്ത് പോലീസുകാരെ സ്ഥലം മാറ്റി. ഗുണ്ടാ-മാഫിയാ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.


അടുത്ത കാലത്ത് കാലടി മേഖലയില്‍ നിരവധി ക്വട്ടേഷന്‍ ആക്രമണങ്ങള്‍ നടന്നതിനെ തുടര്‍ന്നാണ് സംസ്ഥാന ഇന്റലിജന്‍സ് ഇതേക്കുറിച്ച് അന്വേഷിച്ചത്. മണല്‍ വാരല്‍, ക്വാറി തുടങ്ങിയവയുമായി ബന്ധപ്പെട്ട് അടുത്തിടെ എറണാകുളം റൂറല്‍ പോലീസ് പരിധിയില്‍ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത് കാലടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്.


ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍, ആളുമാറി ആക്രമിക്കല്‍, കല്യാണവീടുകളിള്‍ ചെന്ന് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടും. പട്ടപ്പകല്‍ കൊലപാതകവും നടന്നിരുന്നു. മണല്‍, വ്യാജമദ്യ മാഫിയയ്ക്കെതിരെ രൂപീകരിച്ച സ്ക്വാഡിലെ അംഗങ്ങള്‍ വരെ ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. പല ഗുണ്ടാ, ക്വട്ടേഷന്‍ ആക്രമണങ്ങളില്‍ പ്രാഥമിക അന്വേഷണം പോലും നടന്നിരുന്നില്ല.

പരാതിക്കരെ സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ തന്നെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയാണ് പതിവ്. ഗുണ്ടകള്‍ ശക്തരാണെന്നും അവരെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും പറഞ്ഞാണ് പരാതിക്കാരെ പിന്തിരിപ്പിക്കുന്നത്. പരാതിക്കാര്‍ ഉറച്ചു നിന്നാല്‍ ഗുണ്ടകള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കുന്ന തരത്തിലുള്ള കുറ്റം മാത്രം ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യും. പല പോലീസ് ഉദ്യോഗസ്ഥരും ക്വട്ടേഷന്‍ സംഘത്തിന്റെ മാസപ്പടി പട്ടികയിലുണ്ടെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.



Sharing is Caring