ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കാതെ വഗേല

ഗുജറാത്തില്‍ നാളെ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കാതെ ശങ്കര്‍സിംഗ് വഗേല. എന്നാല്‍, അഹമദ് പട്ടേല്‍ തന്റെ ഉറ്റ സുഹൃത്താണെന്നും വഗേല പറഞ്ഞു. 1998 മുതല്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കുന്ന വഗേല ബിജെപിയില്‍ ചേരുമെന്ന തരത്തിലുള്ള വാദങ്ങള്‍ ശക്തിപ്പെടുന്നതിനിടെയാണ് പുതിയ പ്രസ്താവന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന അഹമദ് പട്ടേല്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
വോട്ട് ഓരോ എംഎല്‍എമാരുടെയും വ്യക്തിപരമായ അവകാശമാണ്. അതുകൊണ്ട് തന്നെ എന്റെ വോട്ട് ആര്‍ക്കാണെന്ന് വെളിപ്പെടുത്തേണ്ട ബാധ്യത എനിക്കില്ലെന്നും വഗേല പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അഹമദ് പട്ടേലും താനും വര്‍ഷങ്ങളായി സുഹൃത്തുകളാണ്. 1977ല്‍ ജനതാ പാര്‍ട്ടിയുടെ പ്രതിനിധിയായി താന്‍ ആദ്യം എംപിയായപ്പോള്‍ മുതല്‍ പട്ടേലുമായുള്ള ബന്ധം ഇന്നും തുടരുന്നു. ബന്ധങ്ങള്‍ക്ക് രാഷ്ട്രീയം തടസമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റിയതിനെ അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങള്‍ വെള്ളപ്പൊക്ക ദുരിതത്തില്‍ കഴിയുമ്ബോള്‍ എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റിയത് ജനങ്ങളുടെ മനസില്‍ വിരോധമുണ്ടാക്കിയിട്ടുണ്ട്. എംഎല്‍എമാര്‍ക്ക് ബിജെപിയെ പ്രതിരോധിക്കാനുള്ള ധാര്‍മിക ശക്തി വേണമായിരുന്നെന്നും ജനപ്രതിനിധികള്‍ വില്‍പ്പന ചരക്കായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *