ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷപദം


ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ്യനാവുകയുള്ളു എന്ന് സൂചിപ്പിച്ച്‌ കോണ്‍ഗ്രസ്. ഈമാസം അവസാനം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍.
എന്നാല്‍ ഗുജറാത്തിലെയും ഹിമാചലിലേയും തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനം ഉണ്ടാകു എന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ വ്യക്തമാക്കി. പാര്‍ട്ടി തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറിയെന്നും ഈവര്‍ഷം അവസാനത്തോടെ രാഹുലിന്റെ അധ്യക്ഷപദവിയില്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും അജയ് മാക്കന്‍ പറഞ്ഞു.


അതേസമയം മോദിയെ ഇകഴ്ത്തി രാഹുല്‍ഗാന്ധിയെ പ്രശംസിച്ച ശിവസേന വക്താവ് സഞ്ജയ് റാവത്തിനെതിരെ ബിജെപി രംഗത്തെത്തി. രണ്ടു വള്ളത്തില്‍ കാലുവെച്ചുള്ള സഞ്ചാരം ഇനി നടക്കില്ലെന്നും ഉദ്ദവ് താക്കറെ രണ്ടിലൊന്നു ഉടന്‍ തീരുമാനിക്കണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് തറപ്പിച്ചുപറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ തീരുമാനവും ശിവസേന എതിര്‍ക്കുകയാണ്. ഭരണത്തിലിരുന്നുകൊണ്ട് പ്രതിപക്ഷത്തിന്റെ പണിയെടുക്കാന്‍ സേനയെ അനുവദിക്കില്ലെന്നും ഫട്നവിസ് വ്യക്തമാക്കി. മോദി തരംഗം അവസാനിച്ചെന്നും രാഹുല്‍ ഗാന്ധി രാജ്യം ഭരിക്കാന്‍ പ്രാപ്തനാണെന്നും സ‍ഞ്ജയ് റാവത്ത് ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണ് ബിജെപിയെ ചൊടിപ്പിച്ചത്.




Sharing is Caring