ഗാന്ധിവധം ന്യായീകരിച്ച ഗോഡ്സേയ്ക്ക് കയ്യടി; നാടകം അവതരിപ്പിച്ച ബനാറസ് സര്‍വകലാശാല വിവാദത്തില്‍

നാഥുറാം വിനായക് ഗോഡ്‌സേ ഗാന്ധി വധത്തെ ന്യായീകരിക്കുന്ന നാടകം അവതരിപ്പിച്ചതിനെ തുടര്‍ന്ന് ബനാറസ് സര്‍വകകലാശാല വിവാദത്തില്‍. സംസ്‌കൃതി 2018 എന്ന ത്രിദിന സാംസ്‌കാരിക പരിപാടിയിലാണ് നാടകം അവതരിപ്പിച്ചത്. ഗാന്ധിജിയെ അപമാനിക്കുകയും ഗോഡ്‌സേയെ മഹാനായി ചിത്രീകരിക്കുകയും ചെയ്തുവെന്ന പേരില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പരാതിയുമായെത്തി.

“ഹിന്ദുവായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അഹിംസ എന്ന വാക്ക് കൊണ്ട് ഗാന്ധി ഹിംസ ചെയ്യുന്നു. അയാള്‍ മുസ്ലിംങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അതെനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഗാന്ധിയെ ഈ ലോകത്ത് നിന്ന് പറഞ്ഞു വിട്ടു. ഞാനാണ് ഗാന്ധിയെ കൊന്നത്”. എന്നിങ്ങനെ നാടകത്തിലെ സംഭാഷണങ്ങളെല്ലാം കഥാപാത്രം പറയുമ്പോള്‍ സദസില്‍ നിന്ന് വലിയ കയ്യടിയാണ് ഉയര്‍ന്നത്. നാടകാവതരണം കരുതിക്കൂട്ടിയാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. നാടകത്തിന്റെ വീഡിയോ പ്രചരിച്ചു തുടങ്ങിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ പരാതിയുമായെത്തിയത്.

മദന്‍മോഹന്‍ മാളവ്യയാണ് ഹിന്ദു ബനാറസ് സര്‍വകലാശാല സ്ഥാപിച്ചത്. അദ്ദേഹവും ഗാന്ധിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. സര്‍വകലാശാലയ്ക്ക് തറക്കല്ലിട്ടത് ഗാന്ധിയാണ്. അതേ സര്‍വകലാശാലയില്‍ ഗാന്ധി അപമാനിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് സര്‍വകലാശാല അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *