ഗസ്സയിലെ ഇസ്‌റാഈൽ അധിനിവേശം അവസാനിപ്പിക്കാനും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനും ഈജിപ്തിലെ കൈറോയിൽ നടക്കുന്ന ചർച്ചയിൽ പുരോഗതിയില്ലെന്ന് റിപോർട്ട്. ഹമാസ് പ്രതിനിധിസംഘം കൈറോയിൽ നിന്ന് മടങ്ങി. ഇസ്‌റാഈൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദ് മേധാവി ഡേവിഡ് ബെർണീയും ആഭ്യന്തര ഇന്റലിജൻസ് സർവീസ് ആയ ഷിൻ ബേതിന്റെ മേധാവി റൊനേൻ ബാറും ചർച്ചകൾക്കായി കൈറോയിലെത്തി. ഈജിപ്ത്, ഖത്വർ, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ച.
ചർച്ചയിലെ വ്യവസ്ഥാ നിർദേശം ഹമാസ് അംഗീകരിച്ചിരുന്നു. ഗസ്സയിൽ നിന്ന് ഇസ്‌റാഈൽ സൈന്യം പുറത്തുപോകുക, വടക്കൻ ഗസ്സയിലെ വീടുകളിലേക്ക് ജനങ്ങളെ മടങ്ങാൻ അനുവദിക്കുക, ഗസ്സ പുനർനിർമിക്കാൻ അന്താരാഷ്ട്ര ഇടപെടൽ, ഇസ്‌റാഈലിലെ ജയിലിലുള്ള ഫലസ്തീനികളുടെ മോചനം തുടങ്ങിയ ആവശ്യങ്ങളിൽ ഊന്നിയാണ് ഹമാസ് നിർദേശം അംഗീകരിച്ചത്.

എന്നാൽ, ഗസ്സയിലെ ആക്രമണം തുടരുമെന്ന സൂചനകളാണ് ഇസ്‌റാഈൽ അധികൃതർ നൽകുന്നത്. ഗസ്സയിൽ ഹമാസിനെ പൂർണമായും പരാജയപ്പെടുത്തുന്നത് വരെ പോരാട്ടം തുടരുമെന്ന് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഇതോടെ, അവസാന നിമിഷം ചർച്ച പൊളിയുകയാണെന്ന സൂചന വരികയായിരുന്നു. ചർച്ച കൈവിട്ട് പോയതിന് കാരണം ഹമാസാണെന്ന തരത്തിലാണ് അമേരിക്കയുടെ കുറ്റപ്പെടുത്തൽ.













