വിവിധ ആക്രമണ സംഭവങ്ങളിലായി ഗസ്സയില്‍ ഇന്നലെ നാല്‍പതിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് ഫലസ്തീനികളെ ഇസ്രാഈല്‍ വധിച്ചു. പത്ത് മാസത്തിലേറെയായി തുടരുന്ന കൊടും ക്രൂരതയില്‍ ഇസ്രാഈല്‍ ഇതുവരെ 40,476 ഫലസ്തീനികളെ വധിച്ചതയാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
വെടിനിര്‍ത്തല്‍ ചര്‍ച്ച അടുത്ത ആഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ പുനരാരംഭിക്കുമെന്നാണ് അമേരിക്ക നല്‍കുന്ന സൂചന. ഇറാനും ഹൂതികളും ഹിസ്ബുല്ലയും ഇസ്രാഈലിനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മേഖലായുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. ഗസ്സ യുദ്ധത്തിന് അറുതിവരുത്താനുള്ള നീക്കമാണ് തുടരുന്നതെന്നാണ് അമേരിക്ക പറയുന്നത്. ലബനാന്‍, ഇസ്രാഈല്‍ അതിര്‍ത്തികേന്ദ്രങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്.














