ഗവര്‍ണര്‍ അയയുന്നതായി സൂചന: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചേക്കും

വ്യാഴാഴ്ച പ്രത്യേക നിയമസഭാസമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവ‍ര്‍ണര്‍ അംഗീകരിച്ചേക്കും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നാണ് രാജ്ഭവന്‍ വ്യത്തങ്ങള്‍ നല്‍കുന്ന സൂചന. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രിമാരും ഗവര്‍ണര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രി അടക്കമുള്ളവരുമായി പങ്ക് വെച്ചിരിക്കുന്നത്.

മന്ത്രിമാരായ എ.കെ ബാലനും വി.എസ് സുനില്‍കുമാറും നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ നിലപാടില്‍ അയവ് വരുത്തുന്നത്. സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ തനിക്ക് ആഗ്രഹമില്ലെന്ന സന്ദേശമാണ് ഗവര്‍ണര്‍ മന്ത്രിമാര്‍ക്ക് നല്‍കിയത്. എന്നാല്‍ സര്‍ക്കാരിന്റെ ചില നടപടികളിലെ അതൃപ്തിയും ഗവര്‍ണര്‍ അറിയിച്ചിരുന്നു. ഇതടക്കമുള്ള ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ ഇന്നലെ തന്നെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ ഓഫീസുമായി സര്‍ക്കാര്‍ തലത്തില്‍ നിന്നും ചില അനൌപചാരിക ആശയവിനിമയങ്ങള്‍ ഉണ്ടാവും. ഇതിന് പിന്നാലെ തന്നെ 31 ന് പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന മന്ത്രിസഭാ ശുപാര്‍ശ അംഗീകരിച്ച് കൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവും പുറത്ത് വന്നേക്കും. ഗവര്‍ണറുടെ തീരുമാനത്തില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്ന് കൃഷിമന്ത്രി വി. എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.

കാര്‍ഷിക നിയമഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന നിലപാടില്‍ ഉറച്ച് നിന്ന് കൊണ്ടാണ് സര്‍ക്കാര്‍ രണ്ടാമതും ഗവര്‍ണറെ സമീപിച്ചിരുക്കുന്നത്. അതേസമയം നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയത്തിന് എതിരെയുള്ള വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. അതില്‍ ഗവര്‍ണര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് വ്യക്തമല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *