ക്രിമിനല്‍ കേസുകളില്‍ ഒന്നാമനായ മന്ത്രി കടകംപള്ളി, എം.എല്‍.എമാരില്‍ ആന്റണി ജോണും


തിരുവനന്തപുരം: എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടിയെടുക്കാന്‍ കേരള, ബീഹാര്‍ ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശം കണക്കിലെടുത്ത് എം.എല്‍.എമാരുടെയും എം.പിമാരുടെയും കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ കേരളം ഒട്ടും പിന്നിലല്ല. സംസ്ഥാനത്തെ 9 ജില്ലകളിലായി 312 കേസുകളാണുള്ളത് ജനപ്രതിനിധികളുടെ പേരിലുള്ളത്.


കേരളത്തിലെ മന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ കേസുള്ളത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരിലാണ്. 24 കേസുകളാണ് ഇതുവരെ കടകംപള്ളിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. എം.എല്‍.എമാരില്‍ ഏറ്റവും കൂടുതല്‍ കേസുള്ളത് ആന്റണി ജോണ്‍ എം.എല്‍.എയാണ്, 18 കേസ്. സി.കെ. ശശീന്ദ്രന്‍ 15, എ.എന്‍. ഷംസീര്‍ 15 എന്നിങ്ങനെയാണ് കൂടുതല്‍ കേസുള്ള മറ്ര് എം.എല്‍.എമാര്‍. കൂടാതെ മന്ത്രി എം.എം. മണി, എം.എല്‍.എമാരായ എം.നൗഷാദ്, ടി.വി. രാജേഷ് എന്നിവര്‍ക്കെതിരെ വധക്കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


അതേസമയം, സിറ്റിംഗ്, എക്സ് എം.എല്‍.എ, എം.പിമാര്‍ക്കെതിരെ രാജ്യത്ത് ആകെ 4122 ക്രിമിനല്‍ കേസുകളുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ സിറ്റിംഗ് എം.പി, എം.എല്‍.എമാര്‍ക്കെതിരെ 2324, മുന്‍ ജനപ്രതിനിധികള്‍ക്കെതിരെ 1675 കേസുകളുമാണുള്ളത്. 1991 കേസുകളില്‍ കുറ്റംപോലും ചുമത്തിയിട്ടില്ല. 430 കേസുകള്‍ ജീവപര്യന്തം ശിക്ഷയ്ക്കുള്ള കേസുകളാണ്.

യു.പിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍- 992. ഇവിടെ നിലവിലെ എം.പിമാര്‍ക്കെതിരെ 51, എം.എല്‍.എമാര്‍ക്കെതിരെ 257 കേസുകളുണ്ട്. ഒഡിഷയില്‍ 331,തമിഴ്നാട് 321, ബീഹാര്‍ 304 എന്നിങ്ങനെയാണ് കൂടുതല്‍ കേസുകളുള്ള ആദ്യ സംസ്ഥാനങ്ങള്‍. സിക്കിമില്‍ ഒരാള്‍ക്കെതിരെയും കേസില്ല. കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിയില്‍ 124, പുതുച്ചേരിയില്‍ 34.

കഴിയുന്നത്ര സെഷന്‍സ്, മജിസ്ട്രേട്ട് കോടതികള്‍ക്ക് കേസുകള്‍ വിഭജിച്ച്‌ നല്‍കണമെന്നും ജീവപര്യന്തം ശിക്ഷയ്ക്കുള്ളവ ആദ്യം, 5 വര്‍ഷമോ കൂടുതലോ ശിക്ഷയ്ക്കുള്ള കേസുകള്‍ രണ്ടാമത് എന്നിങ്ങനെ പരിഗണിക്കണമെന്നുമാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.



Sharing is Caring