ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന് പരീക്ഷണം ഇന്ത്യയും നിര്‍ത്തിവച്ചു. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഡ്രഗ്സ് കണ്‍ട്രോളറുടെ നോട്ടീസിനു പിന്നാലെയാണ് പരീക്ഷണം നിര്‍ത്തിയത്.
യുകെയില്‍ വാക്സിന് കുത്തിവച്ചയാള്‍ക്ക് അജ്ഞാതരോഗം ബാധിച്ചതിനെത്തുടര്‍ന്ന് ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനേക്കയും ചേര്‍ന്നു വികസിപ്പിച്ച കോവിഡ് വാക്സിന്റെ പരീക്ഷണം നിര്‍ത്തിവച്ചിരുന്നു. പിന്നാലെ ഡിസിജിഐ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അമേരിക്കയില്‍ മരുന്ന് പരീക്ഷണം നിര്‍ത്തിയിട്ടും ഇന്ത്യയില്‍ തുടരാന്‍ ഇടയായ സാഹചര്യം വിശദികരിക്കാനാവശ്യപ്പെട്ടാണ് ഡിസിജിഐ നോട്ടീസ് നല്‍കിയത്. മറ്റ് രാജ്യങ്ങളില്‍ പരീക്ഷണം നിര്‍ത്തിവച്ചത് എന്തുകൊണ്ട് അറിയിച്ചില്ല, വാക്സിന് പരീക്ഷണത്തിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് എന്തുകൊണ്ട് മുന്നറിയിപ്പ് നല്‍കിയില്ല എന്നീ ചോദ്യങ്ങളുന്നയിച്ചായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ്.
വാക്സിന്റെ പാര്ശ്വഫലംമൂലമാണു രോഗം ബാധിച്ചതെന്നാണു നിഗമനം. അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങുമെന്നു കരുതിയ വാക്സിന് ഇതോടെ വൈകിയേക്കും. പരീക്ഷണം നിര്‍ത്തിവച്ചത് സാധാരണ നടപടിക്രമമാണെന്ന് അസ്ട്രസെനേക്ക അധികൃതര്‍ പറഞ്ഞു. വലിയ പരീക്ഷണങ്ങള്‍ക്കിടെ രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണ്. പരീക്ഷണങ്ങളുടെ സമഗ്രത ഉറപ്പുവരുത്തും. പാര്‍ശ്വഫലമെന്നു സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നും അസ്ട്രസെനേക്ക അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.