കോസ്റ്റ് ഫോര്‍ഡ് ഡയറക്ടര്‍ ടിആര്‍ ചന്ദ്രദത്ത് അന്തരിച്ചു

തൃശൂര്‍: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖനും കോസ്റ്റ് ഫോര്‍ഡ് ഡയറക്ടറുമായ ടി ആര്‍ ചന്ദ്രദത്ത് (75). ഏതാനും ദിവസമായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാന്‍സര്‍ അടക്കം വിവിധ രോഗങ്ങളെയും അവശതമകളെയും വെല്ലുവിളിച്ച്‌ അവസാന കാലം വരെ പൊതുരംഗത്ത് നിറഞ്ഞു നിന്ന ദത്തുമാഷ് സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലെ ഉന്നതരടക്കം വിപുലമായ സൗഹൃദ ബന്ധത്തിനുടമമാണ്.

തൃപ്രയാര്‍ ഗവണ്‍മെന്റ് ശ്രീരാമ പോളിടെക്നിക്ക് അധ്യാപകനായിരുന്ന ചന്ദ്രദത്ത് എന്‍ജിഒ യൂണിയന്റെയും കെജിഒയുടെയും ജില്ലാ ഭാരവാഹിയായും എഫ്‌എസ്‌ഇടിയു ജില്ലാ സെക്രട്ടറിയായും പ്രര്‍ത്തിച്ചു. നാട്ടിക മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്ത നേതാക്കളിലൊരാളും പാര്‍ട്ടി പൊന്നാനി താലൂക്ക് സെക്രട്ടറിയുമായിരുന്ന ടികെ രാമന്റെയും ഇആര്‍ കുഞ്ഞിപ്പെണ്ണിന്റെയും മകനാണ്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ചന്ദ്രദത്ത് സിപിഐഎമ്മില്‍ ഉറച്ചു നിന്നു. 1962 മുതല്‍ 72 വരെ സിപിഐഎം തളിക്കുളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായി.

വലപ്പാട് ഗവണ്‍മെന്റ് ഹൈസ്കൂള്‍, തൃപ്രയാര്‍ ശ്രീരാമ പോളി ടെക്നിക്ക്, അലഹബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ടെക്നോളി ആന്റ് എഞ്ചിനീയറിങ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വലപ്പാട് സ്കൂളില്‍ പഠിക്കുമ്ബോള്‍ വിമോചന സമരത്തിനെതിരെ പ്രകടനം നടത്തിയപ്പോള്‍ രാഷ്ട്രീയ എതിരാളികളുടെ ക്രൂരമര്‍ദനത്തിരയായി. മലബാര്‍ ഐക്യവിദ്യാര്‍ത്ഥി സംഘടനയുടെ നാട്ടിക മേഖല സെക്രട്ടറിയായിരുന്നു. പഠനം കഴിഞ്ഞ് റെയില്‍വെയില്‍ ജോലി കിട്ടിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട തിനാല്‍ പൊലീസ് വെരിഫിക്കേഷനില്‍ തള്ളിപ്പോയി. എഞ്ചിനീയിറിങില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടിയ അദ്ദേഹത്തിന് പഠിച്ച ശ്രീരാമ പോളിയില്‍ തന്നെ 1969 ല്‍ തത്കാലിക അധ്യാപകനായി ജോലി ലഭിച്ചു.

1972ല്‍ ജോലി സ്ഥിരമായി. സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായപ്പോള്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വീട്ട് സര്‍വീസ് സംഘടനാ നേതാവായി. 1973 ല്‍ 64 നാള്‍ നീണ്ട ജീവനക്കാരുടെയും അധ്യാപകരുടെയും സമരത്തിന്റെ നേതൃനിരയില്‍ ചന്ദ്രദത്തുണ്ടായിരുന്നു. 1998 ല്‍ സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം വീണ്ടും സിപിഐഎമ്മില്‍ സജീവമായി. ഇപ്പോഴും സിപിഐഎം അംഗമാണ്. സര്‍വീസിലിരിക്കെ 1996 ല്‍ നാവില്‍ കാന്‍സര്‍ ബാധിച്ച്‌ ശസ്ത്രക്രിയക്കു വിധേയനായതിനെ തുടര്‍ന്ന് നാവും താടിയെല്ലും കഴുത്തിലെ എല്ലും നീക്കം ചെയ്യേണ്ടി വന്നതിനു ശേഷം 22 വര്‍ഷമായി ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രം കഴിച്ചാണ് ചന്ദ്രദത്ത്് ജീവിച്ചത്.

35-ാം വയസുമുതല്‍ ഹൃദ്രോഗിയുമായ ദത്തുമാഷിന്റെ ജീവിതം മെഡിക്കല്‍ സയന്‍സിനു പോലും അത്ഭുതം പകര്‍ന്നതാണ്. 1985ല്‍ തൃശൂര്‍ ആസ്ഥാനമായി മുന്‍ മുഖ്യമന്ത്രി സി അച്യൂതമേനോന്‍ മുന്‍കൈ എടുത്തു സ്ഥാപിച്ച കോസ്റ്റ് ഫോര്‍ഡിന്റെ (സെന്റര്‍ ഓഫ് സയന്‍സ് ആന്റ് ടെക്നോളജി ഫോര്‍ റൂറല്‍ ഡെവലപ്മെന്റ്) തുടക്കം മുതല്‍ തന്നെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. പ്രതിഫലമൊന്നും വാങ്ങാതെയാണ് ഇക്കാലമത്രയും ഈ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നത്. ചെലവു കുറഞ്ഞ കെട്ടിട നിര്‍മാണം, ഊര്‍ജ സംരക്ഷണം, സ്ത്രീ ശാക്തീകരണം, തുടങ്ങിയ മേഖലകളില്‍ ചന്ദ്രദത്തിന്റെ നേതൃത്വത്തില്‍ ശ്രദ്ധേയമായ സംഭാവനയാണ് കോസ്റ്റ് ഫോര്‍ഡ് നല്‍കിയത്. തളിക്കുളം വികാസ് ട്രസ്റ്റിന്റെ ചെര്‍മാനുമായിരുന്നു. ഇഎംഎസിന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ 19 വര്‍ഷമായി തൃശൂരില്‍ നടന്നുവരുന്ന ദേശീയ രാഷ്ട്രീയ, പ്രത്യയശാസ്ത്ര സംവാദ പരിപാടിയായ ഇഎംഎസ് സ്മൃതിയുടെ മുഖ്യസംഘാടകനാണ്.

ഭാര്യ തളിക്കുളം ആലക്കല്‍ കൂടുംബാംഗം പത്മാവതി (തൃപ്രയാര്‍ ശ്രീരാമ പോളി ടെക്നിക്ക് റിട്ട. അധ്യാപിക). മക്കള്‍: ഹിരണ്‍ ദത്ത്, നിരണ്‍ ദത്ത് (ഇരുവരും ഗള്‍ഫില്‍). മരുമക്കള്‍: ഷീന, നടാഷ. സഹോദരങ്ങള്‍: ടിആര്‍ അജയന്‍ (പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ട്രഷറര്‍, കൈരളി ടി വി ഡയറക്ടര്‍). പ്രൊഫ. ടിആര്‍ ഹാരി (നാട്ടിക എസ്‌എന്‍ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍), ഇന്ദിര, അരുണ, രജനി (ഭരണിക്കാവ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ്).

Spread the love

Leave a Reply

Your email address will not be published. Required fields are marked *