കോവിഡ് പോസിറ്റീവായവര്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്തയച്ചു

കോവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രത്യേക ഫ്ലൈറ്റ് ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണം. സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാൻ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാൻ എംബസികളെ ചുമതലപ്പെടുത്താൻ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പിസിആർ ടെസ്റ്റ് നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ റാപിഡ് ടെസ്റ്റിനു വേണ്ട സൗകര്യങ്ങൾ ഉറപ്പു വരുത്തണം.

കോവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രത്യേക ഫ്ലൈറ്റ് ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *