കോവിഡിനെ പിടിച്ചുകെട്ടാൻ സഹായിക്കാം; ഇന്ത്യയ്ക്ക് ചൈനയുടെയും റഷ്യയുടെയും വാഗ്ദാനം

കോവിഡ് രണ്ടാം തരംഗത്തിൽ പകച്ചുനിൽക്കുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനങ്ങളുമായി ചൈനയും റഷ്യയും. ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ തയാറാണെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ഇന്ത്യയ്്ക്ക് മെഡിക്കൽ ഓക്‌സിജനും റെംഡെസിവിറും നൽകാമെന്ന് റഷ്യയും അറിയിച്ചു. പ്രതിവാരം മൂന്നു മുതൽ നാലുവരെ ലക്ഷം റെംഡെസിവിർ ഇൻജെക്ഷനുകൾ നൽകാമെന്നാണ് റഷ്യ വാഗ്ദാനം ചെയ്തിട്ടുള്ളത്. രണ്ട് ആഴ്ചയ്ക്കകം തന്നെ ഇത് അയച്ചുതുടങ്ങും. കോവിഡ്-19 മനുഷ്യകുലത്തിന്റെ മൊത്തം ശത്രുവാണെന്നും ഇക്കാര്യത്തിൽ രാജ്യാന്തരതലത്തിലുള്ള ഐക്യദാർഢ്യവും പരസ്പര സഹകരണവും ആവശ്യമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ മെഡിക്കൽ സാമഗ്രികളുടെ ക്ഷാമം കാരണം ഇന്ത്യയിൽ നിലനിൽക്കുന്ന ഗുരുതരാവസ്ഥ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇന്ത്യയെ സഹായിക്കാൻ തയാറാണെന്നുമാണ് ചൈന പറഞ്ഞിരിക്കുന്നത്. അതേസമയം, ഇന്ത്യ വിദേശത്തുനിന്ന് ഓക്‌സിജൻ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈനയില്ല. ഓക്‌സിജൻ വിദേശത്തുനിന്ന് എത്തിക്കുമെന്ന കാര്യം കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്. നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക അടക്കമുള്ള മേഖലയിലെ വിവിധ രാജ്യങ്ങളുടെ യോഗം കഴിഞ്ഞ ദിവസം ചൈന വിളിച്ചുചേർത്തിരുന്നു. കോവിഡിനെ നേരിടാൻ കൂട്ടായ നടപടികൾ ശക്തമാക്കാനായിരുന്നു ഇത്. നേരത്തെ ഇന്ത്യയും ചൈനയും ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് കോവിഡ് വാക്‌സിനുകൾ നൽകിയിരുന്നു. ഇന്ത്യയിൽനിന്നുള്ള വാക്‌സിനുകളുടെ വരവ് കുറഞ്ഞതോടെ ശ്രീലങ്കയും നേപ്പാളും ചൈനയെയായിരുന്നു ആശ്രയിച്ചിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *